പരിഭ്രാന്തരാവേണ്ട; നാളെ സൈറൺ മുഴങ്ങും, രക്ഷാപ്രവർത്തകർ ഓടിയെത്തും
തിരുവനന്തപുരം: ചുഴലിക്കാറ്റിൻറെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സംസ്ഥാനത്ത് നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ നടക്കും. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.

മുൻപ് നിശ്ചയിച്ചതിൽ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ചില സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ ജില്ലയിലെ മാപ്പിള ബേ ഹാർബറിനു പകരമായി മുഴപ്പിലങ്ങാട് ബീച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്.