‘തുച്ഛമായ വിലയ്ക്ക് ലഭിക്കും, ഫാഷനായി കയ്യിലണിയും’ കൈവിരലിൽ സ്റ്റീൽ മോതിരങ്ങളണിഞ്ഞ് കുരുക്കിലാകരുതേ… മുന്നറിയിപ്പുമായി അ​ഗ്നിരക്ഷാ സേന


കൈവിരലുകളിൽ സ്റ്റീൽ മോതിരം ധരിക്കുന്നത് ചെറുപ്പക്കാരിലെ പുതിയ ഫാഷനാണ്. സ്‌റ്റൈലും ഫാഷനുമൊക്കെയാണെങ്കിലും സംഭവം പക്ഷെ അപകടകരമാണെന്ന് അഗ്‌നി സുരക്ഷാ സേനയുടെ മുന്നറിയിപ്പ്. മോതിരം കൈവിരലുകളിൽ കുടങ്ങിയുണ്ടാകുന്ന പ്രശ്‌നങ്ങൾ കൂടിയതോടെ പേരാമ്പ്ര ഉൾപ്പെടെയുള്ള അഗ്‌നി സുരക്ഷാ സേനയുടെ സഹായം തേടി എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഇതോടെ കൈവിരലിൽ കുടുങ്ങിയ ചൈനീസ് മോതിരങ്ങൾ ഊരിയെടുക്കുക എന്നത് അഗ്നിരക്ഷാ സേനയുടെ കർതവ്യമായി മാറിയിരിക്കുകയാണ്.

നിസ്സാര തുകക്ക് ലഭ്യമാക്കുന്ന ഇത്തരം മോതിരങ്ങൾ ഫാഷനായി ആളുകൾ കൈ വിരലിൽ വാങ്ങി ഇടും. പിന്നീട് ഇത് കയ്യിൽ നിന്ന് ഊരി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരും. തുടർന്ന് വെളിച്ചെണ്ണയും സോപ്പും ഉൾപ്പെടെ ഉപയോഗിച്ച് മോതിരം കൈയിൽ നിന്ന് ഊരി മാറ്റാൻ ശ്രമം നടത്തുമെങ്കിലും പലപ്പോഴും പരാജയപ്പെടും. കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധി ആളുകളുടെ കൈവിരലിൽ നിന്ന് ഈ അടുത്ത കാലത്തായി ഇത്തരത്തിൽ നിരവധി ചൈനീസ് മോതിരങ്ങളാണ് മുറിച്ചെടുത്തതെന്ന് അന്​ഗിനക്ഷാ സേനിയിലെ ഉദ്യോ​ഗസ്ഥർ പറയുന്നു.

ഫാഷൻ കാട്ടി ഇടുന്ന സ്റ്റീൽ മോതിരങ്ങൾ കൈവിരലില്‍ രക്തയോട്ടം തടഞ്ഞ് നീര്‍ക്കെട്ടും പഴുപ്പും സൃഷ്ടിക്കുന്നു. ഇത്തരം മോതിരങ്ങള്‍ ഊരിമാറ്റുന്നതിന് ജനങ്ങള്‍ ആശ്രയിക്കുന്നത് അഗ്നിരക്ഷാസേനയെയാണ്. പലപ്പോഴും വിരലില്‍ നീരുവന്ന് അസഹ്യമായ വേദനയുമായെത്തുന്നവരുടെ വിരലില്‍ നിന്നും സ്റ്റീല്‍ മോതിരം ഊരിമാറ്റുകയോ മുറിച്ച് മാറ്റുകയോ ചെയ്യുക എന്നത് സേനയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താറുണ്ട്. കട്ടി കൂടുതലുള്ളതാണ് സ്റ്റീൽ മോതിരങ്ങൾ. അതുകൊണ്ട് തന്നെ ഇവ മുറിച്ചുമാറ്റുന്നത് ശ്രമകരവുമാണെന്ന് സേനാം​ഗങ്ങൾ പറയുന്നു. വലിയ കട്ടർ ഉപയോഗിച്ചാണ് മോതിരങ്ങൾ മുറിച്ചു മാറ്റുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷ കാലത്തിനുള്ളിൽ കോഴിക്കോട് ജില്ലയിലെ അ​ഗ്നിരക്ഷാ നിലയങ്ങളിൽ നിന്ന് മാത്രം ഏകദേശം ഇരുന്നൂറിനടുത്ത് മോതിരങ്ങളാണ് ഇത്തരത്തിൽ മുറിച്ച് മാറ്റിയത്.

സ്റ്റീൽ മോതിരങ്ങൾ ഉപയോഗിക്കരുതെന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ആരും ചെവികൊള്ളുന്നില്ല എന്നതാണ് വര്‍ദ്ധിച്ചുവരുന്ന ഇത്തരം കേസുകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പ്രേമന്‍ പി.സി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തികച്ചും അപകടകാരികളായ ഇത്തരം മോതിരങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ ധരിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു.

Summary: ‘You can get it at a low price, and it’s a fashionable bracelet’ Don’t get tangled by wearing steel rings on your finger… Fire force warns