ലൈറ്റും ഫാനും ഇടാൻ പേടിക്കേണ്ട; ഏപ്രിൽ മാസം വൈദ്യുതി നിരക്കിൽ വർധനവുണ്ടാകില്ല


തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ വൈദ്യുതി നിരക്കിൽ വർധനവുണ്ടാകില്ലെന്ന് കെഎസ്ഇബി. ഇന്ധന സർചാർജിൽ വന്ന കുറവ് കാരണമാണ് വൈദ്യുതി നിരക്കിൽ വർധനവില്ലാത്തത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ജനുവരി മുതൽ ഈടാക്കിയിരുന്ന 19 പൈസയുടെ ഇന്ധന സർചാർജ് ഏപ്രിൽ മാസത്തിൽ ഏഴ് പൈസയായി കുറയും. ഇതോടെ, റെഗുലേറ്ററി കമ്മീഷൻ്റെ ഉത്തരവ് പ്രകാരം വരാനിരുന്ന 12 പൈസയുടെ ശരാശരി വർധനവ് ഉപഭോക്താക്കൾക്ക് അനുഭവപ്പെടില്ലെന്നാണ് കെഎസ്ഇബിയുടെ വാദം.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ പുതിയ ഉത്തരവ് അനുസരിച്ച്, ഏപ്രിൽ മാസം മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വർധനവ് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഇന്ധന സർചാർജിൽ വന്ന ഗണ്യമായ കുറവ് ഈ വർധനവിൻ്റെ ഭാരം ഉപഭോക്താക്കളിലേക്ക് എത്തുന്നതിൽ നിന്ന് തടയും.