പേരാമ്പ്രയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനം; ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ കണ്ണിന് പരിക്ക്


പേരാമ്പ്ര: സ്ത്രീധനത്തെ ചൊല്ലി പേരാമ്പ്രയില്‍ യുവതിയ്ക്ക് ഗാര്‍ഹിക പീഢനമേറ്റതായി പരാതി. തൃശൂര്‍ സ്വദേശി ചിങ്ങരത്ത് വീട്ടില്‍ സരയു (22)നാണ് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനം നേരിട്ടതായി പരാതി നല്‍കിയത്. മാസങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചന്നൊണ് പരാതി.

വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പല തവണകളിലായ് യുവതിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതായും സരയു പരാതിയില്‍ പറയുന്നു.വാങ്ങിയ സ്വര്‍ണം തിരിച്ചു ചോദിച്ച യുവതിയ്ക്ക് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും അവഗണനകളും അക്രമങ്ങളും നേരിടേണ്ടി വന്നതായും സരയു പറഞ്ഞു.

യുവതിയുടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഭര്‍തൃമാതാവ് ശപിക്കുകയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായും,ഭര്‍ത്താവ് സരുണ്‍ യുവതിയെ മുറിയിലിട്ട് പലപ്രവിശ്യം അടിക്കുകയും ചവിട്ടുകയും, കഴുത്തില്‍ പിടിച്ചു അമര്‍ത്തുകയും ചെയ്തതായും യുവതി വെളിപ്പെടുത്തി.

മുഖത്തും കണ്ണിനും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളോടെ യുവതിയെ കല്ലോട് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ മൂരികുത്തി സ്വദേശികളായ ഭര്‍ത്താവ് വടക്കയില്‍ മീത്തല്‍ സരുണ്‍ സത്യന്‍, ഭര്‍തൃ മാതാവ് ഉഷ, ഭര്‍തൃ പിതാവ് സത്യന്‍ എന്നിവര്‍ക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.