”ചോരവാര്‍ന്ന മുഖവുമായി അവനെന്നേ അമ്മേ എന്നു വിളിച്ചതുപോലെയാണ് തോന്നിയത്, അതാണ് ഒന്നുമോര്‍ക്കാതെ ഓടിച്ചെന്ന് പരിപാലിച്ചത്’ ചക്കിട്ടപ്പാറയില്‍ ഭീതിവിതച്ച് പേപ്പട്ടി വിളയാടിയപ്പോള്‍ ഇനിമുന്നോട്ട് എങ്ങനെ ജീവിക്കുമെന്നറിയാതെ നരിനട സ്വദേശിനി റാണി
പേരാമ്പ്ര: ‘ചോരവാര്‍ന്ന മുഖവുമായി അവനെന്നേ അമ്മേ എന്നു വിളിച്ചതുപോലെയാണ് തോന്നിയത്, അതാ ഞാന്‍ ഓടിച്ചെന്ന് അവനെ മുറിവില്‍ തൊട്ടതും നായ കടിച്ചതിന്റെ പാടുകള്‍ നോക്കിയതും.” അമ്മയും താനും കുറേ വളര്‍ത്തുമൃഗങ്ങളും അടങ്ങിയ സന്തോഷത്തെ ആകെ ഇല്ലാതാക്കിയ സംഭവത്തെക്കുറിച്ച് പറയുകയാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട ഭാസ്‌കരന്‍ മുക്കിലെ ചെറുവലത്ത് മീത്തല്‍ റാണി.
റാണിയുടെ കിടാവിനെ ഇന്നലെയാണ് നായ ആക്രമിച്ചത്. മുഖത്ത് കടിയേറ്റ് ചോരവാര്‍ന്നു കരയുന്ന കിടാവിനെ കണ്ടതോടെ ഓടി അടുത്തുപോയ റാണി മുറിവില്‍ സ്പര്‍ശിക്കുകയും കിടാവിനെ ശുശ്രൂഷിക്കുകയും ചെയ്തു. പിന്നെയാണ് പേപ്പട്ടിയാവാമെന്നും വാക്‌സിനെടുക്കണമെന്നുമൊക്കെ ആളുകള്‍ പറയുന്നത് കേട്ടത്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വാക്‌സിനെടുക്കുകയും ചെയ്തു. നാടില്‍ പരിഭ്രാന്തി പരത്തിയ പട്ടിയെ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ഇന്നലെ തന്നെ വെടിവെച്ചുകൊന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ വളര്‍ത്തിയിരുന്ന വളര്‍ത്തുമൃഗങ്ങളുടെ അവസ്ഥ എന്താകുമെന്നും ഇതില്‍ നിന്നും ഉപജീവനം മുന്നോട്ടുകൊണ്ടുപോയ തന്റെ കുടുംബത്തിന്റെ സ്ഥിതി എന്താവുമെന്നും ഓര്‍ത്തുള്ള ആധിയിലാണ് റാണി.
‘ കുടുംബശ്രീയില്‍ നിന്ന് ലോണെടുത്താണ് പശുവിനെ വാങ്ങിയതും ആലയുണ്ടാക്കിയതും എല്ലാം. രണ്ടുപശുവും രണ്ട് ആടും ഒരു പട്ടിയും അഞ്ച് കോഴികളുമുണ്ട് ഞങ്ങളുടെ കുടുംബത്തില്‍. കിടാവിന് കടിയേറ്റതിനാല്‍ ആലയിലെ മറ്റുപശുക്കളേയും കറക്കേണ്ടെന്നാണ് പറഞ്ഞത്. ഇവയുടെ സ്രവം വീണതൊക്കെ കൊത്തിത്തിന്നിട്ടുണ്ടാവുമെന്നതിനാല്‍ കോഴികളെ കൊന്നുകളയണമെന്നാണ് അറിയിച്ചത്. നിനച്ചിരിക്കാതെയാണ് എല്ലാം സംഭവിച്ചത്. മുമ്പില്‍ വലിയൊരു ശൂന്യതപോലെയാണ് എനിക്ക് തോന്നുന്നത്.’ കരച്ചിലടക്കാന്‍ വയ്യാതെയാണ് റാണി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
”ലോണിന്റെ അടുത്ത ഗഡു അടയ്ക്കാന്‍ ഇനി ഏതാനും ദിവസമേയുള്ളൂ. ഇന്നലെ ആശുപത്രിയില്‍ പോകാനായി വണ്ടി വിളിച്ചതിന്റെ കൂലി പോലും കൊടുക്കാനായിട്ടില്ല. നാളെ വീണ്ടും ആശുപത്രിയിലെത്തി വാക്‌സിനെടുക്കണം. മൃഗങ്ങളെ പരിശോധിക്കാന്‍ ഇന്ന് ഡോക്ടര്‍ എത്തുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്. അവരുടെ കാര്യത്തില്‍ എന്താണ് പറയുന്നതെന്നോര്‍ത്തുള്ള പെടപ്പുമുണ്ട് മനസിന്” അവര്‍ പറയുന്നു.
തിങ്കളാഴ്ച രാത്രിയിലും പകലുമായി ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനടയില്‍ ഭീതിയും ആശങ്കയും വിതച്ച് നായ അക്രമാസക്തമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതോടെ അന്നംമുട്ടിയ അവസ്ഥയിലാണ് റാണി. അമ്മയ്ക്ക് പ്രായാധിക്യം കാരണമുള്ള ബുദ്ധിമുട്ടുണ്ട്. ഈ വളര്‍ത്തുമൃഗങ്ങളെ കൊഞ്ചിച്ചും പരിപാലിച്ചുമാണ് ഇരുവരും ഒറ്റപ്പെടലിന്റെ വേദനയില്ലാതെ കഴിഞ്ഞിരുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. വേണ്ടത് ചെയ്യാമെന്ന അവരുടെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് റാണിയും കുടുംബവും.
Summary: Dog attacks animals in chakkittappara