സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ പണിമുടക്ക്; അത്യാഹിത വിഭാഗം പ്രവർത്തിക്കും


വടകര: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്ടർമാർ പണിമുടക്ക്. ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ ആയിരിക്കും പണിമുടക്ക്.

മെഡിക്കൽ കോളേജുകളിലും, സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഒ.പി സേവനം തടസ്സപ്പെടും. അടിയന്തര പ്രാധാന്യമില്ലാത്ത സർജറികളും സ്തംഭിക്കും. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങൾക്കും മുടക്കമുണ്ടാവില്ല. അത്യാഹിത വിഭാഗങ്ങൾ സാധാരണപോലെ പ്രവർത്തിക്കും.

വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ്ണ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് സേവനം തുടരും. തൊഴിലിന്റെ സ്വഭാവം കാരണം ഡോക്ടർമാർ പ്രത്യേകിച്ച് സ്ത്രീകൾ അക്രമത്തിന് ഇരയാകുന്നു എന്നത് ദുഃഖസത്യം ആണെന്നും ഐ.എം.എ പറഞ്ഞു.

ആശുപത്രികളിലും ക്യാമ്പസുകളിലും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്. ഡോക്ടർമാരുടെയും, നേഴ്സുമാരുടെയും,മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ആവശ്യങ്ങളോടുള്ള ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനതയുടെയും നിസ്സംഗതയുടെയും ഫലമാണ് ശാരീരിക അക്രമങ്ങളും, കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിന് കാരണം എന്ന് ഐ.എം.എ പ്രസ്താവനയിലൂടെ അറിയിച്ചു.