കോഴിക്കോട് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം; ജില്ലയിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും


കോഴിക്കോട്: ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ. കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരാണ് നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പണിമുടക്കുക.

അത്യാഹിത വിഭാഗങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ. അശോകനെയാണ് സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ച് മര്‍ദ്ദിച്ചത്.

സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് എന്നിവ ചുമത്തി നടക്കാവ് പൊലീസ്
ആറ് പേര്‍ക്കെതിരെ കേസെടുത്തു. രോഗിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ധനായ ഡോ. പി.കെ അശോകനെ ഇന്നലെ രാത്രി രോഗിയുടെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് പ്രസവത്തില്‍ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. അണുബാധയെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. യുവതിയുടെ സി.ടി. സ്‌കാന്‍ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതര്‍ മരണം സംബന്ധിച്ച വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളംവരുന്ന സംഘം ആശുപത്രിയില്‍ അതിക്രമിച്ചുകടന്ന് ചില്ലുകളും മറ്റും അടിച്ചുതകര്‍ക്കുകയായിരുന്നു. അക്രമം തടയാനെത്തിപ്പോഴാണ് ഡോ. അശോകന് മര്‍ദനമേറ്റത്.