ഫോണില്‍ കുത്തിക്കളിച്ച് ഉറങ്ങാന്‍ ഏറെ വൈകാറുണ്ടോ? അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവരെ അന്‍പതുകളില്‍ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം വ്യാപകമായതോടെ ഇന്നത്തെ യുവ തലമുറയ്ക്ക് ഉറക്കം വളരെ കുറവാണ്. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിച്ച് ശേഷം ഉറങ്ങി രാവിലെ അല്പം വൈകിയെഴുന്നേറ്റ് ഉടനടി ജോലിക്കോ പഠിക്കാനോ ഒക്കെ പോകുന്നവരാണ് ഏറെയും. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കം കുറഞ്ഞാല്‍ അന്‍പത് വയസുകഴിഞ്ഞാല്‍ അവരെ കാത്തിരിക്കുന്നത് മാറാ രോഗങ്ങളാണെന്നാണ് പഠനം പറയുന്നത്.
അഞ്ച് മണിക്കൂറോ അതില്‍ താഴെയോ പ്രതിദിനം ഉറങ്ങുന്നവരിലാണ് രോഗസാധ്യത ഏറെയും. ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇവര്‍ക്ക് രണ്ടോ അതിലധികമോ മാറാരോഗങ്ങള്‍ മധ്യവയസ്സില്‍ ഉണ്ടാകുമെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളാണ് ശരിയായി ഉറങ്ങാത്തവര്‍ക്ക് ഭാവിയില്‍ വരുകയെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. മോശം ഉറക്ക ശീലങ്ങള്‍ മാറാരോഗങ്ങള്‍ക്കുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അഞ്ച് മണിക്കൂറില്‍ താഴെ പ്രതിദിനം ഉറങ്ങുന്നത് 50കളിലും 60കളിലും 70കളിലും പലവിധ മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത 30-40 ശതമാനം വര്‍ധിപ്പിക്കും. അകാലമരണത്തിന്റെ സാധ്യതയും ഉറക്കക്കുറവ് വര്‍ധിപ്പിക്കുമെന്ന് പി.എല്‍.ഒ.എസ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം കൂട്ടിച്ചേര്‍ക്കുന്നു.
9 മണിക്കൂറില്‍ അധികം ഉറങ്ങുന്നത് ആരോഗ്യത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ എന്നതും ഗവേഷണസംഘം പരിശോധിച്ചു. എന്നാല്‍ അത് സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചില്ല. പ്രതിദിനം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് ഗവേഷണത്തില്‍ വെളിവായത്.