കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയം; കരട് പട്ടിക റദ്ദാക്കണമെന്ന് കോൺഗ്രസ്


കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടിക റദ്ദാക്കണമെന്ന് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് വാർഡുകൾ വിഭജിച്ചിരിക്കുന്നത്. കരട് വിജ്ഞാപനത്തിലെ ഭൂപടരേഖ പരിശോധിച്ചാൽ തന്നെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയത വ്യക്തമാകുമെന്നും കോൺ​ഗ്രസ് ആരോപിക്കുന്നു. കരട് പട്ടികയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

മാർഗരേഖക്ക് വിരുദ്ധമായ രീതിയിൽ വിഭജിക്കപ്പെട്ട വാർഡുകൾ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. വ്യക്തമായ റോഡുകളും പുഴകളും പ്രകൃതിയാൽ ഉള്ള അതിരുകളും പരിഗണിക്കാതെ സാങ്കൽപികമായ വഴികളുടെ അടിസ്ഥാനത്തിലാണ് വാർഡുകൾ വിഭജിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വാർഡ് വിഭജനം പഞ്ചായത്ത് ഭരിക്കുന്ന കക്ഷിക്ക് എളുപ്പത്തിൽ ഭരണം നേടാനുള്ള വഴി മാത്രമായാണ് കാണുന്നതെന്നും കോണ്​ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ഹാഷിം നമ്പാട്ടിൽ, പി.പി.ദിനേശൻ, എൻ.സി.കുമാരൻ, ടി.സുരേഷ് ബാബു, കെ.പി.ഷാജു, നൗഷാദ് കോവിലത്ത്, കേളോത്ത് ഹമീദ്, സി കെ രാമചന്ദ്രൻ, പി പി ആലിക്കുട്ടി, എസ് ജെ സജീവൻ സി എച്ച് മൊയ്തു എന്നിവർ സംസാരിച്ചു.