യുവജനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ഉറപ്പ്; നിരവധി തൊഴിലവസര പദ്ധതികളുമായി ജില്ലാ യൂത്ത് എംപവര്‍മെന്റ് എസ്.സി സഹകരണ സൊസൈറ്റിയ്ക്ക് ചക്കിട്ടപാറയില്‍ തുടക്കമായി


ചക്കിട്ടപാറ: യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കുന്നതിനൊപ്പം നാടിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക എന്ന് ലക്ഷ്യവുമായി ജില്ലാ യൂത്ത് എംപവര്‍മെന്റ് എസ്.സി സഹകരണ സൊസൈറ്റിയ്ക്ക് ചക്കിട്ടപ്പാറയില്‍ തുടക്കമായി. സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ അദ്യഘട്ടം എന്ന നിലയില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഇരുപത് ലക്ഷം രൂപ പട്ടികജാതി വികസന ഫണ്ടില്‍ നിന്നും ഉപയോഗിച്ച് സൊസൈറ്റിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തു.

കൂടാതെ 1.29 കോടി രൂപ പട്ടികജാതി വികസന വകുപ്പില്‍ നിന്നും സൊസൈറ്റിക്ക് ഗ്രാന്‍ഡ് ആയും ലഭ്യമായിട്ടുണ്ട്. അതോടൊപ്പം ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും സൊസൈറ്റി മൂലധന ശേഖരണവും മറ്റ് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ഉള്ള സാമ്പത്തിക സഹായവും അടക്കം ഉപയോഗപ്പെടുത്തി മികച്ച പ്രവര്‍ത്തനം നടത്താന്‍ ആണ് സൊസൈറ്റി നിലവില്‍ തീരുമാനം എടുത്തിട്ടുള്ളത്.

നൂറോളം യുവജനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ഉറപ്പു വരുത്തുന്ന ഡ്രിന്‍കിങ് വാട്ടര്‍ ബോട്ട്‌ലിങ് പ്ലാന്റ് ആണ് സൊസൈറ്റിയുടെ ആദ്യ സംരംഭമായി ആരംഭിക്കുന്നത്. ഇതുവഴി നിരവധിപ്പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കും.

സൊസൈറ്റിയുടെ പ്രഥമ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി നിഖില്‍ നരിനടയും വൈസ് പ്രസിഡന്റായി രതിന്‍ ചെങ്കൊട്ടക്കൊല്ലിലും തിരഞ്ഞെടുക്കപ്പെട്ടു. അനു എസ് രാജ് സെക്രട്ടറിയായ ഭരണസമിതിയില്‍ ദിവ്യ നിഷാന്ത്, ജിബിന്‍ കെ.ജി, നിതിന്‍ പി.ബി, അഭിന കെ.പി എന്നിവര്‍ അംഗങ്ങള്‍ ആണ്.

summary: district youth empowerment cooperative society was started