ഇനി മേപ്പയ്യൂരില്‍ കുട്ടികള്‍ മടി കൂടാതെ അങ്കണവാടികളിലെത്തും; കൗതുകക്കാഴ്ച്ചകളും സൗകര്യങ്ങളുമായി പഞ്ചായത്തിലെ 18 ക്രാഡില്‍ അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു


മേപ്പയ്യൂര്‍: പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച 18 ക്രാഡില്‍ അങ്കണവാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി നിര്‍വഹിച്ചു. കൂടുതല്‍ അങ്കണവാടികളെ ക്രാഡിലാക്കി ഉയര്‍ത്തിയതിലൂടെ മേപ്പയ്യൂര്‍ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഷീജശശി പറഞ്ഞു.

നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ ചെയ്യുന്നത്.

അങ്കണവാടികള്‍ പെയിന്റ് ചെയ്ത് ശിശു സൗഹൃദമാക്കിയതോടൊപ്പം കെട്ടിടത്തില്‍ ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍, കളിയുപകരണങ്ങള്‍, സ്മാര്‍ട്ട് ബോര്‍ഡ് എന്നീ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. അങ്കണവാടി കെട്ടിടത്തിന് പുറത്ത് കിഡ്‌സ് ടര്‍ഫ്, അടുക്കളത്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ക്രാഡില്‍ ‘മെനു’ പ്രകാരമാണ് കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ പാല്‍, മുട്ട, പയറു വര്‍ഗങ്ങളുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്കണവാടികളിലൂടെ പാലൂട്ടുന്ന അമ്മമാര്‍ക്ക് ‘ന്യൂട്രി മാം’, ഗര്‍ഭിണികള്‍ക്ക് ‘ഗ്രാവി പ്രോയും’ വിതരണം ചെയ്യും.

മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളിലുള്‍പ്പെടുത്തി 27 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 18 അങ്കണവാടികള്‍ ക്രാഡിലാക്കി ഉയര്‍ത്തിയത്. മൂന്ന് അങ്കണവാടികള്‍കൂടി ക്രാഡിലാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി നാല് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

വിനയ സ്മാരക അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സി.എം ബാബു, മേലടി ബ്ലോക്ക് പഞ്ചായത്തം?ഗം മഞ്ഞക്കുളം നാരായണന്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ പി.റീന, പഞ്ചായത്തംഗങ്ങള്‍, സജ്ജം നോഡല്‍ ഓഫീസര്‍ വി.പി സതീശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ ലീന നന്ദിയും പറഞ്ഞു.

summery: district panchayath president sheeja sasi inagurated 18 cradle aganawadis in meppayyur panchayath