കാൽപന്തുകളിയിൽ ആവേശം തീർത്ത ദിനങ്ങൾക്ക് വിട, വാകയാട്ടെ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു; ചാമ്പ്യന്മാരായി മെട്രോ അക്കാദമി നടുവണ്ണൂർ


വാകയാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കോഴിക്കോട് ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയിൽ മെട്രോ അക്കാദമി നടുവണ്ണൂർ എതിരില്ലാത്ത രണ്ട് ഗോളിന് എഫ് സി ഉമ്മരത്തൂരിനെ തോൽപ്പിച്ചു. മൂന്നാം സ്ഥാനം ഗോൾഡൻ ബോയ്സ് വാകയാട് കരസ്ഥമാക്കി. യുവ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സംസ്ഥാന സെവന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുളള അവസരവും ഇവർക്ക് ലഭിച്ചു. രണ്ടൂം മൂന്നും സ്ഥാനക്കാര്‍ക്ക് 15,000, 10000 രൂപ വീതം സമ്മാനത്തുക ലഭിച്ചു. യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്.

സമാപന സമ്മേളനം തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. പുതു തലമുറയുടെ ഊർജ്ജവും ആരോഗ്യവും ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ ഫുട്ബോൾ മത്സരങ്ങൾക്ക് വലിയ ഇടപെടൽ നടത്താൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

അഡ്വ.കെ. എം സച്ചിൻ ദേവ് എം. എൽ. എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ, കോട്ടൂർ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത്, പഞ്ചായത്ത് അംഗം ബിന്ദു ഹരിദാസൻ, ജില്ലാ യൂത്ത് കോർഡിനേറ്റർ ടി.കെ.സുമേഷ്, കോട്ടൂർ ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ പി.കെ.സുർജിത്ത്, വാകയാട് എൻ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ.പി ആബിദ തുടങ്ങിയവർ പങ്കെടുത്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് സ്വാഗതവും യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദ് പൃത്തിയിൽ നന്ദിയും പറഞ്ഞു.

Summary: district level sevens football tournament has concluded