ഖാദി വസ്ത്രങ്ങള്‍ വാങ്ങാന്‍ ഇതുതന്നെ പറ്റിയ അവസരം: 30% വരെ റിബേറ്റും ആകര്‍ഷകമായ സമ്മാന പദ്ധതികളും: ജില്ലാതല ഖാദിമേളയ്ക്ക് കോഴിക്കോട് തുടക്കമായി


പേരാമ്പ്ര: ഓണവിപണിക്ക് നിറംചാര്‍ത്തി ജില്ലയില്‍ ഓണം ഖാദിമേളക്ക് തുടക്കമായി. ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ജില്ലാതല ഖാദി മേള തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഓണവിപണി ലക്ഷ്യമിട്ട് പ്രകൃതിദത്തമായ ഖാദി തുണിത്തരങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളുമാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും മേളയില്‍ ഒരുക്കിയിട്ടുള്ളത്.

ആഴ്ചയില്‍ ഒരിക്കല്‍ ഖാദി ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ച് ‘ഓരോ വീട്ടിലും ഒരു ഖാദി ഉല്‍പ്പന്നം’ എന്ന ലക്ഷ്യവുമായി ഖാദി ബോര്‍ഡ് ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഓണക്കാലത്ത്
ആകര്‍ഷകമായ സമ്മാന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴുവരെയാണ് മേള. രാവിലെ 10ന് തുടങ്ങുന്ന മേള ഞായറാഴ്ചകളിലും തുറന്നു പ്രവര്‍ത്തിക്കും. 30 ശതമാനം വരെ റിബേറ്റ് ഉണ്ടായിരിക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി ആദ്യവില്പന നടത്തി. സമ്മാന കൂപ്പണ്‍ വിതരണം കാലടി സര്‍വകലാശാല മുന്‍ വിസി ഡോ. ജെ.പ്രസാദ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ.പി.ദിനേഷ് കുമാര്‍, സര്‍വ്വോദയ സംഘം ചെയര്‍മാന്‍ യു.രാധാകൃഷ്ണന്‍, സെക്രട്ടറി പി.വിശ്വന്‍, എല്‍.ഡി.എം മുരളീധരന്‍.ടി.എം, പ്രോജക്ട് ഓഫീസര്‍ കെ.ഷിബി തുടങ്ങിയവര്‍ പങ്കെടുത്തു.