മൂന്ന് ദിനങ്ങൾ, രണ്ടായിരത്തോളം മത്സരാർത്ഥികൾ; ജില്ലാ കേരളോത്സവം ഡിസംബർ 28 മുതൽ പേരാമ്പ്രയിൽ


പേരാമ്പ്ര: സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 28,29,30 തീയതികളിൽ പേരാമ്പ്രയിൽ നടക്കും. 27 മുതല്‍ നടത്താനിരുന്ന കലോത്സവം സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 27ന് തീരുമാനിച്ച മത്സരങ്ങള്‍ 30ന് നടക്കും.

മാത്രമല്ല പരിപാടിയുടെ ഭാഗമായുള്ള സാംസ്‌കാരിക ഘോഷയാത്രയും മാറ്റിവെച്ചു. 28ന് വൈകിട്ട് നാല് മണിക്ക് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര ഡിഗ്നിറ്റി കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക. നാല് വേദികളിലായാണ് മത്സരങ്ങള്‍. 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപാലിറ്റി, കോഴിക്കോട് കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേർ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വികെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി അഷറഫ് എന്നിവര്‍ പങ്കെടുത്തു.

Description: District Kerala Festival from December 28 at Perambra