വിഷുവിന് തീന്‍മേശയില്‍ വിഷരഹിത പച്ചക്കറികള്‍; മേപ്പയ്യൂരില്‍ സി.പി.ഐ.എം ജൈവപച്ചക്കറി വിപണന കേന്ദ്രം


മേപ്പയ്യൂര്‍: സി.പി.ഐ.എം വിഷരഹിത പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ജില്ലാ ഉദ്ഘാടനം മേപ്പയൂരില്‍ സംയോജിത കൃഷി ജില്ലാ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. 16 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറിടങ്ങളിലാണ് വിഷു ജൈവപച്ചക്കറി വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ സ്റ്റാളില്‍ സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ 22 ബ്രാഞ്ചുകളിലായി ഉല്‍പ്പാദിച്ച പച്ചക്കറികളാണുള്ളത്. കര്‍ഷകരില്‍നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികള്‍ ന്യായവിലയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. വെള്ളിയാഴ്ച വരെ വിപണികള്‍ പ്രവര്‍ത്തിക്കും.

സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് ആദ്യ വില്‍പ്പന സ്വീകരിച്ചു. ജില്ലാ കണ്‍വീനര്‍ കെ.കെ. ദിനേശന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എ.കെ. ബാലന്‍, ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത്, ഏരിയാ കമ്മിറ്റി അംഗം കെ.ടി. രാജന്‍, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം പി.പി. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കെ. കുഞ്ഞിക്കണ്ണന്‍ നന്ദി പറഞ്ഞു.