കോടിയേരി ബാലകൃഷ്ണന്റെ വിയോഗം: ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിയതായി ഡി.സി.സി പ്രസിഡന്റ്


പേരാമ്പ്ര: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിയതായി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു.

ഗാന്ധിജയന്തി ദിനാചരണം പുഷ്പാര്‍ച്ചന മാത്രമായി ചുരുക്കണമെന്ന് അദ്ദേഹം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അഭ്യര്‍ത്ഥിച്ചു. കെ.പി.സി.സി അധ്യക്ഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം ചെന്നൈയില്‍ നിന്ന് ഞായറാഴ്ച കണ്ണൂരിലെത്തിക്കും. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കൊണ്ടുവരിക. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് തലശ്ശേരിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംസ്‌കാരം.