‘അടുത്ത സര്‍ക്കീറ്റ് താമരശ്ശേരിയിലേക്കായാലോ?’ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കോഴിക്കോട്ടുകാരെ ക്ഷണിച്ച് ജില്ലാ കളക്ടര്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ. ജില്ലയിടെ ഓരോ പ്രദേശങ്ങളിലേയും സ്ഥലങ്ങള്‍ ദൂരം പ്രത്യേകതകള്‍ എന്നിവ അറിയിച്ചുകൊണ്ട് അവിടങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനായി സ്വാഗതം ചെയ്യുന്നു. ഇത്തവണത്തെയാത്ര താമരശ്ശേരിയിലേക്കാണ്. പോവാന്‍ നിങ്ങളും തയ്യാറാണോ…


ഉറുമി വെള്ളച്ചാട്ടം:

പൂവാറന്‍തോടിന്റെ താഴ്വരയിലെ കോടയിറങ്ങുന്ന മലനിരകള്‍ക്കും ഉരുളന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന കാട്ടുചോലകള്‍ക്കും ഇടയിലൂടെ നുരഞ്ഞു പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാരെ അനുഭൂതിയുടെ പാരമ്യത്തില്‍ എത്തിക്കുന്നു.

വാവുല്‍ മല:

കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ വാവുല്‍ മല. കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളിലെ വെള്ളരിമലയിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. സാഹസികത നിറഞ്ഞ ട്രക്കിങ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇവിടം കുത്തനെയുള്ള പാറക്കെട്ടുകളും മലഞ്ചെരിവുകളും നിറഞ്ഞ ഭൂപ്രദേശമാണ്.

മുത്തപ്പന്‍ പുഴ:

ഇരവഞ്ഞിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ മലയോര ഗ്രാമത്തിലാണ് മുത്തപ്പന്‍ പുഴ. ചുറ്റിലും വള്ളിപ്പടര്‍പ്പ് നിറഞ്ഞ മരങ്ങളും തണുത്ത കാറ്റും ഇവിടത്തെ കാഴ്ചയുടെ അനുഭൂതി കൂട്ടുന്നു… മരത്തടി കൊണ്ട് നിര്‍മ്മിച്ച പാലം ഇവിടത്തെ സവിശേഷതയാണ്. പാറക്കൂട്ടങ്ങള്‍ക്ക് നടുവിലേക്ക് ഒഴുകിയെത്തുന്ന തെളിഞ്ഞ വെള്ളം യാത്രക്കാരന്റെ മനസ്സ് നിറയ്ക്കും.

വനപര്‍വ്വം:

കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ജൈവ വൈവിധ്യ ഉദ്യാനമാണ് വനപര്‍വ്വം. ആയിരക്കണക്കിന് സസ്യവര്‍ഗങ്ങളും ഔഷധസസ്യങ്ങളുമുണ്ട്. അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളും ഇവിടെ കാണാം. വിവിധയിനം പക്ഷികളും ചെറുജീവികളുടെയും ആവാസ സ്ഥലം കൂടിയാണ് വനപര്‍വ്വം. പാറക്കൂട്ടങ്ങളുടെ അത്ഭുത ശേഖരങ്ങള്‍ നിറഞ്ഞ വനത്തിലൂടെയുള്ള യാത്രയും ഇവിടത്തെ സവിശേഷമായ അനുഭവമാണ്.

കരിയാത്തുംപാറ:

വിദേശ രാജ്യങ്ങളെയും ഊട്ടിയെയും ഗവിയെയും അനുസ്മരിപ്പിക്കുന്ന ഇടമാണ് കരിയാത്തുംപാറ. വിശാലമായ പുല്‍ത്തകിടിയും പൈന്‍ മരങ്ങളും പാറക്കൂട്ടങ്ങളും ഉരുളന്‍ കല്ലുകളില്‍ തട്ടി തടഞ്ഞൊഴുകുന്ന തെളിനീരും തണുത്ത കാലവസ്ഥയും മനസ്സില്‍ സമാധാനം നിറയ്ക്കുന്ന യാത്രാനുഭവം സമ്മാനിക്കുന്നതാണ്…

summary: district collector invited all to beautiful tourism centers in kozhikode, next place iis in thamarassery