ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ മേമുണ്ട എച്ച്എസിന്റെ തേരോട്ടം; ജില്ലാ കലോത്സവം കീഴടക്കി വടകരയിലെ സ്‌കൂളുകള്‍
വടകര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി വടകരയിലെ സ്‌കൂളുകള്‍. വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ 322 പോയിന്റുകളുമായി മേമുണ്ട എച്ച്എസ്എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് റണ്ണർഅപ്പ് സ്വന്തമാക്കി. 326 പോയിന്റുകള്‍ നേടിയ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് ആണ് ഓവറോള്‍ ജേതാക്കള്‍. 152 പോയിന്റുകളുമായി മേമുണ്ട സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടവും, 139 പോയിന്റുകളുമായി ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഓവറോള്‍ റണ്ണര്‍അപ്പും സ്വന്തമാക്കി.
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ 12 ഇനങ്ങളിലാണ് മേമുണ്ട സ്‌കൂള്‍ പങ്കെടുക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പൂരക്കളി, മലയാളം പ്രസംഗം, ലളിതഗാനം, അഷ്ടപതി, ഗാനാലാപനം. സംസ്കൃതം സംഘഗാനം എന്നിവയിലാണ് സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്നത്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പൂരക്കളി, മിമിക്രി, ഓട്ടൻതുള്ളൽ, മലയാളം കഥാരചന, ഹിന്ദി പദ്യംചൊല്ലൽ, ഇരുള നൃത്തം എന്നിവയിലുമാണ് പങ്കെടുക്കുന്നത്.
ഹൈസ്ക്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ഫിദൽ ഗൗതമിനെയാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. ശ്വാസം എന്ന നാടകത്തിൽ തകര സിനിമയിലെ ചെല്ലപ്പനാശാരിയായി വേഷമിട്ടാണ് ഫിദൽ മികച്ച പ്രകടനം കാഴ്ച വച്ചത്. തോടന്നൂർ സബ്ജില്ല കലോത്സവ നാടക മത്സരത്തിലും ഫിദൽ തന്നെയായിരുന്നു മികച്ച നടൻ. കഴിഞ്ഞ വർഷവും ജില്ലയിൽ മികച്ച നടനുള്ള പുരസ്ക്കാരം ഫിദൽ കരസ്ഥമാക്കിയിരുന്നു. മേമുണ്ടയുടെ ശ്വാസം എന്ന നാടകത്തിന് ജില്ലയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡുമാണ് ലഭിച്ചത്. പ്രശസ്ത നാടക സംവിധായകൻ ജിനോ ജോസഫാണ് രചനയും, സംവിധാനവും നിർവ്വഹിച്ചത്.
യുപി വിഭാഗം നാടകമത്സരത്തില്‍ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച ബാലപാഠം നാടകത്തിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു. ഹയര്‍സെക്കണ്ടറി വിഭാഗം നാടകമത്സരത്തില്‍ ഈരവാന്‍ ജില്ലയില്‍ രണ്ടാം സ്ഥാനവും എ ഡ്രേഡും സ്വന്തമാക്കി. എച്ച്എസ്എസ് വിഭാഗം കഥാരചനയില്‍ മേമുണ്ട എച്ച്എസ്എസിലെ അവനിജ സിക്കാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും.
യുപി വിഭാഗം നാടോടി നൃത്തത്തില്‍ കല്ലാച്ചി ജിയുപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി സി.കെ പാര്‍വണ എ ഗ്രേഡ് ആണ് സ്വന്തമാക്കിയത്. ഉരുൾപ്പൊട്ടലിൽ കുഞ്ഞ് നഷ്ടപ്പെട്ട അമ്മയായി നിറഞ്ഞാടിയാണ് പാര്‍വണ കാണികളെ അമ്പരപ്പിച്ചത്. നൃത്ത പരിശീലകൻ സുരേന്ദ്രൻ കല്ലാച്ചിയാണ് പാർവ്വണയ്ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. മോണോ ആക്ടിലും പാര്‍വണ ജില്ലാ തലത്തിൽഎ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്.
ഹൈസ്‌കൂള്‍ ലളിതഗാന മത്സരത്തില്‍ മേമുണ്ട എച്ച്എസിലെ സാംരഗം രാജീവ് ഇത്തവണയും തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. ഒന്നാം സ്ഥാനവും എ ഗ്രേഡുമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത ഏഴിനങ്ങളില്‍ മൂന്നിനങ്ങളില്‍ ഫസ്റ്റ് എ ഗ്രേഡും നാല് ഇനങ്ങളില്‍ എ ഗ്രേഡും സാരംഗ് സ്വന്തമാക്കിയിരുന്നു.
യുപി വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദ്യ ലക്ഷ്മിക്കാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും. ഇ വെയിസ്റ്റ് മാനേജ്‌മെന്‌റായിരുന്നു പ്രസംഗ വിഷയം.
പൂരക്കളിയില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട കുത്തക നിലനിര്‍ത്തിയാണ് മേമുണ്ട എച്ച്എസ്എസ് സംസ്ഥാനതലത്തിലേക്ക് ഇത്തവണ എത്തുന്നത്. കാസര്‍കോട് സ്വദേശി മാണിയാട്ട് നാരായണന്‍ ആശാന്റെ പരിശീലിന മികവിലാണ് സ്‌കൂള്‍ നേട്ടം സ്വന്തമാക്കിയത്. യു.പി വിഭാഗം ഉറുദു പ്രശ്‌നോത്തരിയില്‍ മണിയൂര്‍ യു.പി സ്‌കൂളിലെ അഗത ലിനീഷ് ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി. യു.പി വിഭാഗം സംസ്‌കൃതം അക്ഷരശ്ലോകത്തില്‍ വടകര എസ്ജിഎംഎസ്ബി സ്‌കൂളിലെ എല്‍ജി ഗായത്രി ഒന്നാം സ്ഥാനം സ്വന്തമാക്കി.
Description: District Arts Festival; Competition results of schools in Vadakara