റേഷൻ കടകളിൽ നിന്ന് വീണ്ടും മണ്ണെണ്ണ; വിതരണം അടുത്ത മാസം മുതൽ
തിരുവനന്തപുരം: അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. വെള്ള കാർഡുകാർക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും മണ്ണെണ്ണ വിതരണം ചെയ്യും. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര പെട്രോളിയം മന്ത്രാലയം 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുകയായിരുന്നു.
രണ്ടു വർഷത്തിനു ശേഷമാണ് റേഷൻ കടയിലൂടെ മണ്ണെണ്ണ ലഭ്യമാകുന്നത്. നിലവിൽ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്ക് മാത്രമാണ് മണ്ണെണ്ണ നൽകുന്നത്. കുറഞ്ഞ അളവിൽ എത്തിക്കുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി മിക്ക വിതരണക്കാരും പിൻമാറിയതിനാൽ ഈ വിഭാഗങ്ങൾക്കും യഥാസമയം കിട്ടാറില്ല. നിലവിൽ ഒരു ക്വാർട്ടറിൽ (മൂന്നു മാസം) അനുവദിക്കുന്നത് 780 കിലോലിറ്ററാണ്.

14 സംസ്ഥാനങ്ങൾ മണ്ണെണ്ണ വിതരണം ഉപേക്ഷിക്കുകയും പടിപടിയായി മണ്ണെണ്ണ വിതരണം നിറുത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും അനുവദിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പുപോലും പ്രതീക്ഷിച്ചിരുന്നില്ല.