ഞങ്ങളും കൃഷിയിലേക്ക്; ചെറുവണ്ണൂരില്‍ ഇടവിള കൃഷിക്ക് വിത്ത് കിറ്റുകള്‍ വിതരണം ആരംഭിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ഇടവിള കൃഷിക്ക് വിത്ത് കിറ്റുകളുടെ വിതരണം ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഗുണഭോക്തൃ ലിസ്റ്റിലുള്ള കര്‍ഷകര്‍ക്ക് ഇടവിള വിത്ത് കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് നിര്‍വഹിച്ചു.

ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായി വീട്ടുവളപ്പില്‍ ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതിനായി ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍ എന്നീ ഇനങ്ങളിലെ വിത്തുകളാണ് സൗജ്യമായി വിതരണം ചെയ്യുന്നത്. ഇടവിള കിറ്റുകള്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ ഇറക്കി കര്‍ഷകര്‍ക്ക് സൗകര്യപ്രദമായി മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നത്.

കൃഷി ഓഫീസര്‍ കെ.എ. ഷബീര്‍ അമ്മദ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ എ. ബാലകൃഷ്ണന്‍, എ.കെ. ഉമ്മര്‍, ആര്‍.പി. ശോബിഷ്, എം. രഘുനാഥ്, ശ്രീഷ്മ ഗണേഷ്. ഇ.കെ. സുബൈദ, പി. മുംതാസ്, ആദില നിബ്രാസ്, കൃഷി അസിസ്റ്റന്റ് പ്രിയങ്ക രാജിവ് എന്നിവര്‍ പങ്കെടുത്തു.