കളനശീകരണം ഇനി കൂടുതൽ സ്മാർട്ട്; പേരാമ്പ്രയിലെ പാടശേഖരസമിതികൾക്ക് കോണോ വീഡർ നൽകി
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് കാർഷിക വിജ്ഞാനകേന്ദ്രത്തിന്റെയും, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാടശേഖരസമിതികൾക്ക് നെൽകൃഷിയിലെ കളനശീകരണ ഉപകരണമായ കോണോ വീഡർ വിതരണം ചെയ്തു. പേരാമ്പ്ര ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് കോണോ വീഡർ നൽകിയത്. വിതരണോദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പിബാബു നിർവഹിച്ചു.
നെൽകൃഷിയിൽ കളകൾ നീക്കം ചെയ്യാൻ കൈകൊണ്ട് അനായാസം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ലളിതമായ ചെറുകിട ഉപകരണമാണ്
കോണോ വീഡർ. കളനശീകരണത്തിന് സമയലാഭവും, സാമ്പത്തിക ലാഭവും ഇതിനുണ്ട്. ഇതിന് രണ്ട് പൽ ചക്രങ്ങളാണ് ഉള്ളത്. ഒന്നു കളകൾ അറുത്തു മുറിച്ചിടുന്നതിനും രണ്ടാമത്തേത് ഉഴുതു ചേർക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു. കൂടാതെ, പാടത്തു വളർത്തുന്ന പച്ചില വളച്ചെടികൾ മണ്ണിൽ ഉഴുതു ചേർക്കുന്നതിനും ഉപയോഗിക്കാം. ഇതിന്റെ ഉപയോഗം മണ്ണിനുള്ളിലെ വായു സഞ്ചാരം കൂട്ടി വേരു വളർച്ച ത്വരിതപ്പെടുത്തും. നിവർന്നു നിന്നു കൊണ്ടു തന്നെ പ്രവർത്തിപ്പിക്കാമെന്നതിനാൽ എളുപ്പത്തിൽ ഉപയോഗിക്കാം.
ചടങ്ങിൽ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. പ്രാദേശിക ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.വി. ശ്രീറാം പദ്ധതി വിശദീകരിച്ചു. പാട ശേഖര സമിതി ഭാരവാഹികൾ പങ്കെടുത്തു