സാനിറ്ററി നാപ്കിനുകളുടെ നിർമാർജ്ജനം ഇനി തലവേദനയാകില്ല; ആർത്തവ കപ്പുകളെ കുറിച്ച് നാദാപുരം പഞ്ചായത്തിലെ സ്ത്രീകൾക്ക് ശാസ്ത്രീയ അറിവ് പകർന്ന് ‘അവൾ’ സമാപിച്ചു
നാദാപുരം: സാനിറ്ററി നാപ്കിനുകളുടെ നിർമാർജ്ജനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി മാത്രമല്ല ആർത്തവ കപ്പുകളെന്ന ശാസ്ത്രീയ അറിവു പകർന്ന് ‘അവൾ’ സമാപിച്ചു. ഗൈനക്കോളജിസ്റ്റിൻറെയും സൈക്യാട്രിസ്റ്റിന്റെയും നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ യുവതികൾക്കായി നാദാപുരം ഗ്രാമപഞ്ചായത്താണ് ‘അവൾ’ സെമിനാർ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി സെമിനാർ ഉദ്ഘാടനം ചെയ്തു.
കൂടുതൽ സമയം വീടിന് പുറത്ത് തൊഴിലിനും പഠനത്തിനുമായി ചെലവഴിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യവുമുള്ള ശാസ്ത്രീയരീതിയാണ് ആർത്തവക്കപ്പ്. ഘട്ടംഘട്ടമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും ആർത്തവക്കപ്പ് നൽകാനാണ് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്. നാദാപുരം ഗ്രാമപഞ്ചായത്തിനെ സ്ത്രീ സൗഹൃദ പഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യം. സെമിനാറിൽ പങ്കെടുത്ത 2500 പേർക്ക് സൗജന്യമായി ആർത്തവക്കപ്പ് നൽകി.
വൈസ്പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്തീകളുടെ മാനസികാരോഗ്യം,സ്ത്രീജനാരോഗ്യം,ആർത്തവം,ശുചിത്വം എന്നീ വിഷയങ്ങൾ ഡോ.ദർശന, ഡോ.ലക്ഷ്മി, ഡോ. നവ്യ.ജെ തൈക്കൂട്ടത്തിൽ എന്നിവർ അവതരിപ്പിച്ചു. സ്ഥിരം സമിതിചെയർമാന്മാരായ സി.കെ. നാസർ,എം.സി സുബൈർ,ജനീദ ഫിർദൗസ്,പി.പി.ബാലകൃഷ്ണൻ,ഹെൽത്ത്ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി തുടങ്ങിയവർ സംബന്ധിച്ചു.