പഴക്കംചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുക; 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടി


തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വ‍ർദ്ധനവ് വരുത്തി . പഴക്കംചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വ‍ർദ്ധിപ്പിക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. മോട്ടോർ സൈക്കിളുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും മോട്ടോർ കാറുകളുടെയും നികുതിയാണ് വർദ്ധിപ്പിച്ചത്.

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മൂലം ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സ‍ർക്കാറുകൾ സ്വീകരിച്ചു വരുന്ന പദ്ധതികളെക്കുറിച്ചും ബജറ്റ് പ്രസംഗത്തിൽ പ്രതിപാദിച്ചു. ഇതിന്റെ ഭാഗമായി 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിന് സർക്കാർ സ്ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. ഈ സാഹചര്യത്തിലാണ് പഴക്കംചെന്ന വാഹനങ്ങൾക്ക് നികുതി വർദ്ധിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

സ്വകാര്യ വാഹനങ്ങളുടെ നികുതി ഇനത്തിൽ സംസ്ഥാന സർക്കാറിന് 110 കോടി രൂപയാണ് പ്രതിവ‍ർഷം വരുമാനമായി ലഭിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വർദ്ധനവ് കൂടി കൊണ്ടുവരുന്നതോടെ 55 കോടി രൂപയുടെ കൂടി അധിക വരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.