‘നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, മരവിപ്പും വേദനയും ബലക്ഷയവും’; കുഷ്ടരോ​ഗത്തെ തിരിച്ചറിയാം, ലക്ഷണങ്ങളെന്തൊക്കെ?


കുഷ്ഠ രോഗ നിർമാർജനത്തിനായി സംസ്ഥാന സർക്കാർ കാര്യക്ഷമമായി മുന്നോട്ട് നീങ്ങുന്നുണ്ട്. കുഷ്ട രോ​ഗത്തെ നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ ചികിത്സ വേ​ഗം തുടങ്ങാൻ സാധിക്കും. ഈ രോ​ഗത്തെ കുറിച്ച് പലർക്കും അറിയാമെങ്കിലും ഇതിന്റെ ലക്ഷണങ്ങളെന്തൊക്കെ എന്നതിനെ കുറിച്ച് ഇപ്പോഴും പൊതുജനങ്ങളിൽ അഞ്ജതയുണ്ട്. നോക്കാം കുഷ്ട രോ​ഗത്തിന്റെ ലക്ഷണങ്ങൾ

∙ സ്പർശനശേഷി കുറഞ്ഞ, നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ. സേഫ്റ്റിപിൻ പോലെയുള്ളവ കൊണ്ടു ചെറുതായി കുത്തിയാലും വേദന അനുഭവപ്പെടില്ല. ചില അടയാളങ്ങൾ ഒരു രൂപ നാണയത്തിന്റെ വലുപ്പത്തിൽ വരെയുണ്ടാകും

∙ കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയവും.

∙ വേദനയുള്ളതും വീർത്തു തടിച്ചതുമായ നാഡികൾ ഇവയും കുഷ്ഠത്തിന്റെ ലക്ഷണങ്ങളാണ്.

പകരുന്നതെങ്ങനെ?

മൈക്കോബാക്ടീരിയം ലെപ്രെ എന്ന രോഗാണുവാണു കാരണം. വായുവിലൂടെ പകരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വ്യാപിക്കും. എന്നാൽ, 85 മുതൽ 90 ശതമാനം വരെ ആളുകൾക്കു കുഷ്ഠത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ഉള്ളതിനാൽ രോഗം വരാൻ സാധ്യത കുറവാണ്. രോഗാണുക്കൾ ഉള്ളിൽ ഉണ്ടെങ്കിൽ പ്രതിരോധ ശേഷി കുറയുന്ന കാലങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഇതിനു സാധാരണ 3 മുതൽ 5 വരെ വർഷങ്ങളെടുക്കാം. എങ്കിലും, പകർച്ചാ സ്വഭാവം കുറഞ്ഞവർക്ക് 6 മാസത്തെയും പകർച്ചാസ്വഭാവം കൂടിയവർക്ക് ഒരു വർഷത്തെയും ചികിത്സ കൊണ്ടു രോഗം പൂർണമായും മാറും. ബയോപ്സിയുടെ അടിസ്ഥാനത്തിലാണു രോഗനിർണയം. മൾട്ടി ഡ്രഗ് തെറപ്പിയാണു നടത്തുന്നത്. അതതു സർക്കാർ ആശുപത്രികളിൽ സൗജന്യമായാണു ചികിത്സ.

വെല്ലുവിളികൾ

നൂറ്റാണ്ടുകൾ കടന്നിട്ടും കുഷ്ഠം അപ്രത്യക്ഷമാകാത്തതിനു കാരണം രോഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണയും കൃത്യ സമയത്ത് ചികിത്സ തേടാത്തതുമാണ്. രോഗം ബാധിച്ചിട്ടും ചികിത്സ തേടാത്ത മുതിർന്നവർ കുട്ടികളിലും കുഷ്ഠവ്യാപനത്തിനു കാരണമാകും. ചിലർ ഇടയ്ക്കു ചികിത്സ മുടക്കുന്നതും പ്രശ്നമാണ്.

രോഗം രണ്ടുതരം

1. പകർച്ചാസ്വഭാവം കുറഞ്ഞവർ– ശരീരത്തിൽ 5 അടയാളങ്ങളിൽ കുറവുള്ളവർ, ഒരു നാഡീഞരമ്പിനെ മാത്രം ബാധിച്ചിട്ടുള്ളവർ–ഇവരാണ് ഈ വിഭാഗത്തിൽപ്പെടുക. 6 മാസത്തെ ചികിത്സ കൊണ്ടു രോഗം പൂർണമായും ഭേദമാകും.

2.പകർച്ചാസ്വഭാവം കൂടിയവർ– 5 അടയാളങ്ങൾക്കു മുകളിലുള്ളവർ, ഒന്നിലേറെ ഞരമ്പുകളെ ബാധിച്ചിട്ടുള്ളവർ. ഒരു വർഷത്തെ ചികിത്സയാണ് ഇവർക്കു നൽകുക. നിലവിൽ 3, 4 അടയാളങ്ങൾ ഉണ്ടെങ്കിലും ഈ വിഭാഗത്തിൽ ചികിത്സിക്കുന്നുണ്ട്. രോഗം തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാനാണിത്.

അംഗവൈകല്യം

ചികിത്സ തേടാൻ ഏറെ വൈകുമ്പോഴാണ് കുഷ്ഠരോഗം അംഗവൈകല്യത്തിൽ കലാശിക്കുന്നത്. രോഗം മൂർച്ഛിച്ചതു കാരണം കണ്ണ് അടയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടയാളും ചികിത്സയിലുണ്ട്. പക്ഷേ മരുന്നുകൾ കൃത്യമായി കഴിക്കുന്നതിലൂടെ ആ അവസ്ഥ ഏറെക്കുറെ മാറി. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും നേരത്തേ ചികിത്സ തേടണമെന്നതു മാത്രമാണു പോംവഴി.

പണ്ടുകാലങ്ങളിൽ രോഗം മൂർച്ഛിച്ചു വിരലുകൾ കൊഴിഞ്ഞു പോയവർ ധാരാളം ഉണ്ടായിരുന്നു. സമൂഹം ആട്ടിയോടിക്കുന്ന അവരെ രോഗം ഭേദമായാലും ബന്ധുക്കൾ സ്വീകരിക്കുമായിരുന്നില്ല. മരോട്ടിയെണ്ണ മരുന്നായി നൽകിയിരുന്ന അക്കാലത്തു നിന്നു ചികിത്സാ രീതികൾ ഏറെ പുരോഗമിച്ചു. അംഗവൈകല്യമുണ്ടാകും മുൻപു തന്നെ രോഗം പൂർണമായും ഭേദമാക്കാമെന്ന നിലയിലായി. അതോടെ പഴയ ഭീതിയും അകന്നു. പക്ഷേ കുഷ്ഠം ഇന്നും അകന്നുപോയിട്ടില്ല എന്നതിനാൽ ജാഗ്രത വേണം.