കരം അടയ്‌ക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളെല്ലാം ഓൺലൈനാകും; തുറയൂർ, ചെറുവണ്ണൂർ, അരിക്കുളം, നടുവണ്ണൂർ ഉൾപ്പെടെയുള്ള വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ, വിശദാംശങ്ങൾ
പേരാമ്പ്ര: ഭൂമി സംബന്ധിച്ച വിവരങ്ങൾ ആധികാരികവും സമഗ്രവുമാക്കുന്ന ഡിജിറ്റൽ റീസർവേക്ക് ജില്ലയിൽ നവംബർ ഒന്നിന് തുടക്കമാവും. തുറയൂർ, ചെറുവണ്ണൂർ, അരിക്കുളം, നടുവണ്ണൂർ, എരവട്ടൂർ, മൂടാടി, ഉള്ളിയേരി, കുരുവട്ടൂർ, തിക്കോടി, പുത്തൂർ, രാരോത്ത്, തൂണേരി, നാദാപുരം, ചെക്യാട്, വളയം, നടക്കുതാഴ തുടങ്ങിയ 16 വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ റീസർവേ. അഞ്ചരമാസത്തിനകം സർവേ പൂർത്തിയാക്കും.
ഭൂരേഖകൾ ഡിജിറ്റലാകുന്നതോടെ കരം അടയ്‌ക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളെല്ലാം ഓൺലൈനാകും. റവന്യൂ, രജിസ്‌ട്രേഷൻ, സർവേ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകാനും ഇത് പ്രയോജനപ്പെടും. ഭൂമി വിവരങ്ങളുടെ പുതുക്കലും സ്വത്തിന്റെ പോക്കുവരവ് നടപടിക്രമങ്ങളും വേഗത്തിലാകും. ചോറോട്, പാലയാട്, പയ്യോളി, ഇരിങ്ങൽ, ഏറാമല വില്ലേജുകളിലെ ഡിജിറ്റൽ റെക്കോർഡുകൾ നിലവിൽ ലഭ്യമാണ്.
ഗ്രാമസഭകളുടെ മാതൃകയിൽ വാർഡുതല സർവേ സഭകൾ രൂപീകരിച്ച് ഡിജിറ്റൽ സർവേ നടപടി വിശദീകരിക്കും. 12 മുതൽ 30 വരെയാണ് സർവേ സഭ. സഭയിൽ ഭൂവുടമകളെ പങ്കെടുപ്പിക്കാൻ രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. വില്ലേജുകളിൽ എട്ട് സർവേയർമാരേയും എട്ട് താൽക്കാലിക സർവേയർമാരേയും 16 സഹായികളേയും നിയോഗിച്ചു.
ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് സർവേ. ബേപ്പൂരിലെ കോർ സ്റ്റേഷനുകളിൽനിന്ന് ലഭിക്കുന്ന സിഗ്‌നലുകളുടെ സഹായത്താൽ റിയൽടൈം കൈനമാറ്റിക്(ആർടികെ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സർവേ നടത്തുക. ആകാശക്കാഴ്ചയിലൂടെ ഭൂമിയുടെ അതിർത്തി നിർണയിക്കാനാവുന്ന ഇടങ്ങളിൽ ഡ്രോൺ ഉപയോഗിക്കും. തിക്കോടി, തൂണേരി, നാദാപുരം, ചെറുവണ്ണൂർ വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയായതായി സർവേ അസി. ഡയറക്ടർ എൻ കെ രാജൻ പറഞ്ഞു. ഡ്രോൺ സർവേ പറ്റാത്തിടത്ത് റോബോട്ടിക് ഇടിഎസ് മെഷീൻ ഉപയോഗിക്കും.
Summary: All services will be online, Digital land survey in 16 villages kozhikode including Thurayur, Cheruvannur, Arikulam, Naduvannur, details