ഡിജിറ്റൽ അറസ്റ്റ്; നടപടികളുമായി കേന്ദ്രസർക്കാർ, ഉന്നത തല സമിതി രൂപീകരിച്ചു


ദില്ലി: ഡിജിറ്റൽ അറസ്റ്റിനെതിരെ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു. ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നത തലസമിതി രൂപീകരിച്ചത്. മൻ കി ബാത്തിലൂടെ ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്.

സംസ്ഥാനങ്ങളുമായി സമിതി ബന്ധം പുലർത്തുകയും കേസുകളിൽ ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് കേസുകൾ കൂടുന്ന സാഹചര്യം കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൻറെ തന്നെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രചരണ പരിപാടികൾ നടത്താനാണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും ബോധവത്ക്കരണം നടത്തും.

ഉന്നത തല സമിതി രൂപീകരിക്കും മുൻപ് നാഷണൽ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ കേന്ദ്രസർക്കാർ രൂപീകരിച്ചിരുന്നു. ഈ വർഷം മാത്രം ആറായിരത്തോളം ഡിജിറ്റൽ അറസ്റ്റ് പരാതികളാണ് രാജ്യവ്യാപകമായി രജിസ്റ്റർ ചെയ്തതത്. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ 120 കോടി രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിച്ചുവെന്നാണ് കണക്ക്. സൈബർ ക്രൈം കോർഡിനേഷൻ സെൻററിൻറെ നേതൃത്വത്തിൽ 709 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തി. 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.