“ഡിജിറ്റല്‍ അറസ്റ്റ്” തട്ടിപ്പ്; കോഴിക്കോട് സ്വദേശിയില്‍ നിന്നും മുംബൈയിലെ വ്യാജ സിബിഐ ഉദ്യോഗസ്ഥര്‍ തട്ടിയത് ഒന്നരക്കോടിയോളം രൂപ


കോഴിക്കോട്: സൈബർ ഇടത്തിൽ അനുദിനം പലതരത്തിലുള്ള ചതികളാണ് നടക്കുന്നത്. എ ഐ സാങ്കേതിക വിദ്യ ഉള്‍പ്പെടെ ഉപയോഗിച്ച്‌ വിവിധ അന്വേഷണ ഏജൻസികള്‍ എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഇരകളെ ബന്ധപ്പെടുന്നത്. സൈബർ ഇടത്തിലെ പുതിയ ചതിയാണ് ഡിജിറ്റൽ അറസ്റ്റ്. വെർച്വലായി അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞ് മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കോഴിക്കോട് സ്വദേശിയില്‍ നിന്നും ഒന്നരക്കോടിയോളം രൂപയാണ് സംഘം തട്ടിയത്.

ആദ്യം ഫോണ്‍ കോളിലൂടെയും പിന്നീട് വാട്സ് ആപ്പ് വഴിയും കോഴിക്കോട് സ്വദേശിയെ തുടര്‍ച്ചായി സംഘം ബന്ധപ്പെട്ടിരുന്നു. പരാതിക്കാരന്റെ വ്യക്തിഗത വിവരങ്ങളും രേഖകളും ഉപയോഗിച്ച്‌ മുംബൈയില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴി വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നെന്നായിരുന്നു തട്ടിപ്പ് സംഘം അറിയിച്ചത്. വിശ്വാസ്യത വരുത്താനായി സിബിഐ ചിഹ്നങ്ങളുള്ള വ്യാജ കത്തുകളും കോടതി വാറണ്ട് രേഖകളും അയച്ചു കൊടുത്തു. ഒടുവില്‍ നിങ്ങള്‍ വെര്‍ച്വല്‍ അറസ്റ്റിലായെന്നും മറ്റാരോടെങ്കിലും പറഞ്ഞാല്‍ നേരിട്ടെത്തി കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് കൊണ്ടുപോകുമെന്നുമായിരുന്നു സംഘത്തിന്റെ ഭീഷണി.

കേസ് നടപടികളുടെ ഭാഗമായി ഒന്നരക്കോടിയോളം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി അയച്ചു നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നും കേസ് അവസാനിക്കുമ്പോൾ ആ തുക തിരിച്ചു നല്‍കുമെന്നും സംഘം പരാതിക്കാരനെ വിശ്വസിപ്പിച്ചു. പണം തിരിച്ചുകിട്ടുമെന്ന ഉറപ്പില്‍ അഞ്ച് ഇടപാടുകളിലൂടെ ഒരു കോടി 43 ലക്ഷത്തി പതിനയ്യായിരം രൂപ തട്ടിപ്പ് സംഘം നല്‍കിയ അക്കൗണ്ടുകളിലേക്ക് കൈമാറി. എന്നാല്‍ പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ വിവരം പോലീസിൽ അറിയിച്ചു.

എ ഐ സാങ്കേതിക വിദ്യയും മറ്റും ഉപയോഗപ്പെടുത്തിയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നുണ്ടെന്നും നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് ലഭിക്കുന്നതെന്നും സൈബർ പോലീസ് പറയുന്നു. എന്‍ഫോഴ്സ്മെന്റ് അടക്കം ഒരു അന്വേഷണ ഏജന്‍സിയും ഫണ്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെടാറില്ല. അതിനാൽ ഇത്തരം സംഭവങ്ങളുണ്ടായാൽ പണം കൈമാറുന്നതിന് മുൻപ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.