മഴക്കാലത്തും വേനലിലും ബുദ്ധിമുട്ടാകുന്നു; കനാല്‍ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് കൊഴുക്കല്ലുര്‍ ശാഖാ കമ്മിറ്റി


മേപ്പയ്യൂര്‍: കുറ്റ്യാടി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മെയിന്‍ കനാലിന്റെ പുളിയത്തിങ്കല്‍ മീത്തല്‍ മുതല്‍ സമന്വയ സെന്റര്‍ വരെയുള്ള ഭാഗം ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് കൊഴുക്കല്ലുര്‍ ശാഖാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അടിയന്തിരമായി ഇടപെടണം.

അനേകം കുടുംബങ്ങളും വിദ്യാര്‍ത്ഥികളും സ്ഥിരമായി ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡാണിത്. ഒരു പ്രദേശമാകെ മഴക്കാലത്തും വേനലിലും വളരെ ബുദ്ധിമുട്ടിലാണ്. മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍, എളമ്പിലാട് യു.പി സ്‌കൂള്‍, കൊഴുക്കല്ലൂര്‍ യു.പി സ്‌കൂള്‍, മേപ്പയൂര്‍ സലഫി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സ്ഥിരം യാത്രക്ക് ഉപയോഗിക്കുന്ന റോഡാണിത്. മഴക്കാലത്ത് ചളിയും വെള്ളവും നിറയുന്നു. പ്രസ്തുത റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

എം.എം അഷറഫ് യോഗം ഉദ്ഘാടനം ചെയ്തു. ടി.എന്‍.അമ്മത് അദ്ധ്യക്ഷത വഹിച്ചു. കെ.ലബീബ് അഷ്‌റഫ്, ഫൈസല്‍ ചാവട്ട്, കെ.എം.എ.അസീസ്, കെ.എം.കുഞ്ഞമ്മദ് മദനി, മുഹമ്മദ് ചാവട്ട്, ടി.എം.അബ്ദുല്ല, ഐ.ടി.അബ്ദുസലാം, മുജീബ് കോമത്ത്, കെ.പി.കുട്ടിമമ്മി എന്നിവര്‍ സംസാരിച്ചു.