ഡയപ്പർ സംസ്ക്കരിക്കുകയെന്നത് തലവേദന സൃഷ്ടിക്കാറുണ്ടോ? വീട്ടിൽ സംസ്കരിക്കാൻ എളുപ്പവഴിയുണ്ട്, വിശദാംശങ്ങൾ


വീട്ടിൽ കൊച്ചുകുട്ടികൾ ഉളവർക്ക് അവരുടെ ഡയപ്പറുകൾ എങ്ങനെ നിർമാർജ്ജനം ചെയ്യുമെന്നത് തലവേദനയാണ്, പ്രത്യേകിച്ച് ചെറിയ പ്ലോട്ടുകളിൽ താമസിക്കുന്നവർക്ക്. പലരും ഒഴിവാക്കാനുള്ള എളുപ്പത്തിന് ഇത് രാത്രിയിൽ ഒഴിഞ്ഞ ഇടങ്ങളിൽ കൊണ്ട് തള്ളാറുണ്ട്. ഇത് വളരെ തെറ്റായ പ്രവണതയാണ്.

തുണികൊണ്ടുള്ള ഡയപ്പറുകൾ ഇതിനൊരു ബദൽ മാർഗ്ഗമായി ഉപയോഗിക്കാമെങ്കിലും കൂടുതൽ സൗകര്യം നൽകുന്നതിനാൽ പലരും സാധാരണ ഡയപ്പറുകളെ തന്നെയാണ് ആശ്രയിക്കുന്നത്. ഇത്തരം ഡയപ്പറുകൾ മണ്ണിലേക്ക് വലിച്ചറിയപ്പെട്ടാൽ അത് നശിക്കാൻ അനേകവർഷങ്ങൾ വേണ്ടിവന്നേക്കാം. ഇത് പ്രകൃതിക്കുണ്ടാക്കുന്ന ദോഷം ചില്ലറയല്ല.

കത്തിച്ചു കളയാൻ ശ്രമിച്ചാലും പലപ്പോഴും അവ പൂർണമായി കത്തി നശിക്കില്ല എന്നതാണ് പ്രശ്നം. എത്ര ഉണക്കിയെടുക്കാൻ ശ്രമിച്ചാലും ഡയപ്പറിനുള്ളിലെ ജെല്ല് ജലാംശം വലിച്ചെടുക്കുന്നതോടെ അത് കത്താൻ പ്രയാസമാണ്. ഈ പ്രശ്നം നിസ്സാരമായി പരിഹരിക്കാനുള്ള മാർഗ്ഗം നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അത് എങ്ങനെയെന്നു നോക്കാം.

ഖര മാലിന്യം ഉണ്ടെങ്കിൽ അത് ടോയ്ലറ്റിൽ നിക്ഷേപിച്ച് ഫ്ലഷ് ചെയ്തു കളയുകയാണ് ആദ്യപടി. പിന്നീട് ഡയപ്പറിന്റെ പുറംപാളി കീറിയശേഷം അതിലെ നനഞ്ഞു കുതിർന്ന അവസ്ഥയിലുള്ള ജെല്ലെടുത്ത് ഉപയോഗശൂന്യമായ ഒരു പാത്രത്തിലേക്ക് നിക്ഷേപിക്കാം. ജെല്ലിന്റെ അളവിനനുസരിച്ച് ആവശ്യമായ ഉപ്പും പാത്രത്തിലേക്ക് ഇടാം. ഒന്നോ രണ്ടോ മണിക്കൂർ ഇത് മാറ്റിവയ്ക്കാം. അപ്പോഴേക്കും ജെല്ല് പൂർണമായും ജലരൂപത്തിലായിരിക്കുന്നത് കാണാനാകും. ഇത് ഒഴുക്കി കളയാവുന്നതാണ്. ജെൽ ഒഴിവാക്കിയ ശേഷമുള്ള ഡയപ്പറിന്റെ പുറംഭാഗം കത്തിച്ചു കളയാൻ പിന്നീട് പ്രയാസം ഉണ്ടാവില്ല.

ചെയ്യരുതാത്തത്:

ഡയപ്പറുകൾ ഒരു കാരണവശാലും റീസൈക്കിൾ ബിന്നുകളിൽ നിക്ഷേപിക്കരുത്. കാരണം ഡിസ്പോസിബിൾ ഡയപ്പറുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നവയല്ല.

പൊതു ഇടങ്ങളിലേക്ക് ഡയപ്പറുകൾ വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് എന്നപോലെ മനുഷ്യനും ഏറെ ഹാനികരമാണ്. മലമൂത്ര വിസർജ്യങ്ങളിൽ നിന്നുള്ള വൈറസുകൾ തുറന്ന നിലയിൽ ഉപേക്ഷിക്കുന്നത് രോഗാണുക്കൾ പെരുകുന്നതിനും മാരക അസുഖങ്ങൾ പടർന്നു പിടിക്കുന്നതിനും കാരണമായേക്കാം.

ഡയപ്പറുകൾ ഭൂമിക്ക് ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് കൂടുതൽ അവബോധം ലഭിച്ചു തുടങ്ങിയതോടെ പരിസ്ഥിതി സൗഹൃദപരവും ജൈവവിഘടനം സംഭവിക്കുന്ന തരത്തിലുമുള്ള ഡയപ്പറുകൾ വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. ലഭ്യമെങ്കിൽ അവ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Summary: Diaper Waste Disposal Easy Tips