പുതിയ ബ്ലോക്ക്, 22 യന്ത്രങ്ങൾ, 60 പേർക്ക് കൂടി ഡയാലിസിസിനുള്ള സൗകര്യം; വൃക്ക രോഗികൾക്ക് ആശ്വാസമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ
പേരാമ്പ്ര: വൃക്ക രോഗികളുടെ ആശ്രയ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ കൂടുതൽ മികവിലേക്ക്. ഒരു കോടി രൂപ ചെലവിൽ വിപുലീകരിച്ച ഡയാലിസിസ് സെന്ററിന്റെ പുതിയ കെട്ടിടം ജൂലെെ 19-ന് ടി പി രാമകൃഷ്ണൻ എംഎൽഎ നാടിന് സമർപ്പിക്കും. പുതിയ ബ്ലോക്ക് കൂടെ പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും.
കെ കുഞ്ഞമ്മത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ കെട്ടിടം പണിതത്. ജനപ്രതിനിധികളും നാട്ടുകാരും കെെകോർത്ത് ജനകീയ കൂട്ടായ്മയിലൂടെ തുടർന്നുള്ളവയ്ക്കുള്ള പണം കണ്ടെത്തി. ഒരു കോടി രൂപയാണ് യന്ത്രമുൾപ്പടെയുള്ള സൗകര്യത്തിനായി ജനകീയ കൂട്ടായ്മ സമാഹരിച്ചത്. അങ്ങനെ 10 യന്ത്രങ്ങളുമായി 2014 സപ്തംബറിലാണ് പേരാമ്പ്രയിൽ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചു.
ഡയാലിസിസിനുള്ള പണം കണ്ടെത്തൽ, വാഹനം വിളിച്ച് ദീർഘദൂരത്തുള്ള സെന്ററിലേക്കുള്ള യാത്ര ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരം കാണാൻ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സെന്ററിലൂടെ സാധിച്ചു. ഒമ്പത് വർഷത്തിനിടെ ഒരു ലക്ഷത്തിലേറെ രോഗികളാണ് ഡയാലിസിസ് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് രണ്ടാംഘട്ട വിപുലീകരണം നടത്തിയത്. ഫണ്ടിൽനിന്ന് ലഭിച്ച ഒരു കോടി രൂപ ചെലവിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ പുതിയ ബ്ലോക്ക് നിർമ്മിച്ചു. പുതിയ ജനറേറ്ററും ട്രാൻസ്ഫോമറുമെല്ലാം സ്ഥാപിക്കുന്നതിനായി 42 ലക്ഷം രൂപ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ചിലവഴിച്ചു.
പുതുതായി നിർമ്മിച്ച ബ്ലോക്കിൽ പുതിയ 10 യന്ത്രങ്ങളാണുള്ളത്. 2016ൽ കെ കെ രാഗേഷ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് രണ്ട് യന്ത്രങ്ങൾ കൂടെ സജ്ജമാക്കിയിരുന്നു. ഇതോടെ ആകെ 22 യന്ത്രങ്ങളായതോടെ മൂന്ന് ഷിഫ്‌റ്റുകളിലായി കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാകും.
ഇപ്പോൾ 38 രോഗികൾക്ക് ദിവസവും ഡയാലിസിസ് നടത്താനാവും. നിലവിൽ 73 പേരാണ് ഡയാലിസിന് വിധേയരാകുന്നത്. പുതിയ ബ്ലോക്ക് പ്രർത്തനം ആരംഭിക്കുന്നതോടെ 60 പേർക്ക് കൂടി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങും. 190 ഓളം രോഗികൾ രജിസ്റ്റർ ചെയ്ത് ഡയാലിസിസിനായി കാത്തിരിപ്പുണ്ട്.
രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതു മണിവരെയാണ് സെന്ററിന്റെ പ്രവർത്തനം. എട്ട് ടെക്നീഷ്യന്മാരും അഞ്ച് നഴ്സുമാരുമുൾപ്പെടെ 18 ജീവനക്കാരുടെ സേവനം ഇവിടെ ലഭ്യമാണ്. മെഡിക്കൽ ഓഫീസറുടെ മേൽനോട്ടവുമുണ്ട്. ഡയബറ്റിക് ആന്റ് കാൻസർ കെയർ ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തനം.
സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കഴിഞ്ഞാൽ കൂടുതൽ ഡയാലിസിസ് നടക്കുന്ന കേന്ദ്രമാണ് പേരാമ്പ്രയിലേത്. പ്രവർത്തന മികവിന് ചിപ് പ്ലസ് അംഗീകാരം നേടിയ ജില്ലയിലെ ആദ്യ പൊതുമേഖലയിലെ ഡയാലിസിസ് കേന്ദ്രമെന്ന ഖ്യാതിയുമുണ്ട്.
summary: dialysis facility for 60 more people. Dialysis center at Perambra Taluk Hospital is a relief for kidney patients