60 രോഗികള്‍ക്ക് കൂടി ഡയാലിസിസ് ചെയ്യാനുളള സൗകര്യം; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടും ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിപുലീകരണം നടത്തിയത്.
സെന്ററിന് മുകള്‍ നിലയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുകയും പത്ത് ഡയാലിസിസ് യന്ത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 60 രോഗികള്‍ക്ക് കൂടെ ഡയാലിസിസ് സെന്ററിന്റെ സേവനം ലഭ്യമാകും.
രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതു മണിവരെയാണ് സെന്ററിന്റെ പ്രവര്‍ത്തനം. എട്ട് ടെക്‌നീഷ്യന്മാരും അഞ്ച് നഴ്‌സുമാരുമുള്‍പ്പെടെ 18 ജീവനക്കാരുടെ സേവനം ഇവിടെ ലഭ്യമാണ്. മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടവുമുണ്ട്. ഡയബറ്റിക് ആന്റ് കാന്‍സര്‍ കെയര്‍ ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തനം.
സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കഴിഞ്ഞാല്‍ കൂടുതല്‍ ഡയാലിസിസ് നടക്കുന്ന കേന്ദ്രമാണ് പേരാമ്പ്രയിലേത്. പ്രവര്‍ത്തന മികവിന് ചിപ് പ്ലസ് അംഗീകാരം നേടിയ ജില്ലയിലെ ആദ്യ പൊതുമേഖലയിലെ ഡയാലിസിസ് കേന്ദ്രമെന്ന ഖ്യാതിയുമുണ്ട്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ശാരദ പട്ടേരികണ്ടി, കെ.കെ ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമ പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, മുന്‍ എം.എല്‍.എമാരായ കെ കുഞ്ഞമ്മദ് മാസ്റ്റര്‍, എ.കെ പത്മനാഭന്‍മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കാദര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശശി കുമാര്‍ പേരാമ്പ്ര സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.