വൃക്കരോഗികൾക്ക് ആശ്വാസമേകാൻ മേപ്പയൂരിൽ ഡയാലിസിസ് സെന്റർ ഒരുങ്ങുന്നു; കെട്ടിടത്തിന് ശിലയിട്ടു
മേപ്പയ്യൂർ: വൃക്കരോഗികൾക്ക് ആശ്വാസമേകാൻ മേപ്പയ്യൂർ പാലിയേറ്റീവ് കെയർ ഡയാലിസിസ് സെൻ്ററിന് ശിലയിട്ടു. പുത്തലത്ത് ബീവിഉമ്മയുടെ ഓർമ്മക്കായി കുടുംബാംഗങ്ങൾ ലഭ്യമാക്കിയ സ്ഥലത്ത് ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി അഹമ്മദ് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ഡയറക്ടർ എ.കെ. ഫൈസൽ മാതാപിതാക്കളുടെ പേരിലാണ് കെട്ടിടം നിർമ്മിച്ചു നൽകുന്നത്. കെ മുരളീധരൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പെടുന്നവരും നിരാലംബരുമായ രോഗികളുടെ കണ്ണീരൊപ്പി ജാതി-മത കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണ് മേപ്പയ്യൂരിലെ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്റർ. 16 വർഷക്കാലമായി മേപ്പയൂരുകാർക്കൊപ്പമുണ്ട് സ്ഥാപനം.
ചടങ്ങിൽ മേപ്പയ്യൂർ പാലിയേറ്റീവ് കെയർ ചെയർമാൻ ഡോ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. വി. ഇദ്രിസ് പദ്ധതി വിശദീകരണം നടത്തി. കെട്ടിടത്തിന് ഭൂമി നൽകിയ കുടുംബത്തിലെ മുതിർന്ന അംഗം പുത്തലത്ത് പക്രനെ ഡോ.പീയുഷ് എം.നമ്പൂതിരിപ്പാട് ആദരിച്ചു. വെബ്സൈറ്റിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ സപ്ലിമെന്റ് പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.ശോഭ, ഗ്രാമപഞ്ചായത്ത് അംഗം റാബിയ എടത്തികണ്ടി, ചെയർമാൻ അബ്ദുൾ മജീദ്രാഷ്ട്രീയ -സാസംകാരിക വ്യാപാര ജീവകാരുണ്യ പ്രവർത്തകരായ എ.കെ.അബ്ദുറഹിമാൻ, എ.വി.അബ്ദുളള, കെ.രാജീവൻ, ഇ.അശോകൻ, എസ്.പി.കുഞ്ഞമ്മത്, കെ.കെ.ബാലൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.ലോഹ്യ, മധുപുഴയരികത്ത്, പി.കെ.എം. ബാലകൃഷ്ണൻ, ടി.ടി.കുഞ്ഞമ്മദ്, സിറാജ് മേപ്പയ്യൂർ, ഷംസുദ്ദീൻ കമ്മന, കെ.കെ.രാഘവൻ, എം.വി.മുഹമ്മദ് ബഷീർ, സി.അസയിനാർ, എ.അസ്ഗർ അലി എന്നിവർ സംസാരിച്ചു.