ധനകോടി ചിറ്റ്സ്: നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു
പേരാമ്പ്ര: ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു. ക്രെെബ്രാഞ്ചിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാകും കേസ് അന്വേഷിക്കുക. കേസ് കെെമാറുന്നതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അപേക്ഷ നൽകുമെന്ന് ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ കെ ഇ ബെെജു പറഞ്ഞു.
സുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ് വിവിധ സ്ഥലങ്ങളിലായി കോടികളുടെ തട്ടിപ്പാണ് നടത്തിയത്. പേരാമ്പ്രയിൽ മാത്രം ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര സ്‌റ്റേഷനില്‍ നൂറോളം പരാതികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു.
വർഷങ്ങളായി ചിട്ടി നടത്തുന്ന സ്ഥാപനം നിക്ഷേപകരുടെ വിശ്വാസ്യത ആർജിച്ചശേഷമാണ് കോടികളുടെ നിക്ഷേപവുമായി മുങ്ങിയത്. പ്രധാനമായും ചിട്ടി നടത്തിയ ശേഷമാണ് പണം സമാഹരിച്ചത്. ചിട്ടി വിളിച്ച പണം സ്ഥിര നിക്ഷേപമായി സ്വീകരിക്കുകയാണ് രീതി. സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്ന പലിശ നൽകിയിരുന്നു. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.
ബത്തേരി കോട്ടക്കുന്നിലാണ് ധനകോടി ചിറ്റ്സിന്റെയും ധനകോടി നിധി ലിമിറ്റഡിന്റെയും ഹെഡ് ഓഫീസ്. വയനാടിന് പുറമേ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലടക്കം 22 ബ്രാഞ്ചുകളാണ് സ്ഥാപനത്തിനുള്ളത്. ഒട്ടുമിക്ക ബ്രാഞ്ചുകളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശി യോഹന്നാന്‍ മറ്റത്തില്‍ (61) കഴിഞ്ഞദിവസം ബംഗളുരുവില്‍ അറസ്റ്റിലായിരുന്നു. നേരത്തെ അറസ്റ്റിലായ സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങളായ സജി എന്ന സെബാസ്റ്റിയന്‍, ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവര്‍ റിമാന്‍ഡിലാണ്.