പേരാമ്പ്രയിലടക്കം കോടികളുടെ നിക്ഷേപ തട്ടിപ്പ്: ധനകോടി തട്ടിപ്പുകേസിലെ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ അറസ്റ്റില്‍


പേരാമ്പ്ര: ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. പേരാമ്പ്രയിലടക്കം നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിയായ ഇയാള്‍ രണ്ട് മാസമായി ഒളിവിലായിരുന്നു. ബംഗളുരുവില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ധനകോടി നിധി ലിമിറ്റഡ്, ധനകോടി ചിട്ടി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപതട്ടിപ്പ് പരാതികളിലാണ് നടപടി. ഏപ്രില്‍ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോയതോടെ ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നില്ലെന്നാരോപിച്ച് ജീവനക്കാർ സമരവുമായി രംഗത്തുവന്നിരുന്നു.

പത്തിലധികം കേസുകളാണ് കൊയിലാണ്ടി പൊലീസില്‍ കൊയിലാണ്ടിയിലെ ധനകോടി ചിട്ടിയുടെ സ്ഥാപനത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരുലക്ഷം രൂപ മുതല്‍ അറുപത് ലക്ഷംരൂപവരെ തട്ടിച്ചുവെന്നാണ് പരാതി.

സുല്‍ത്താന്‍ ബത്തേരിയാണ് ചിട്ടിക്കമ്പനിയുടെ ആസ്ഥാനം. ധനകോടിക്ക് തലശ്ശേരിയിലും കൂത്തുപറമ്പിലും കൊയിലാണ്ടിയുമെല്ലാം ശാഖയിലുണ്ട്. ഇവിടെയെല്ലാം സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.