ധനകോടി ചിട്ടി: വഞ്ചിക്കപ്പെട്ട കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്; പേരാമ്പ്ര പൊലീസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പ്


പേരാമ്പ്ര: ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ തട്ടിപ്പ്. തട്ടിപ്പുമായി ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ നൂറോളം പരാതികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി അന്വേഷണത്തിന്റെ ചുമതലയുള്ള പോലീസ് ഓഫീസര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇപ്പോഴും പരാതിയുമായി പലരും വന്നുകൊണ്ടിരിക്കുന്നതായും ചെറിയ തുക മുതല്‍ വലിയ തുക വരെ നഷ്ടപ്പെട്ടവര്‍ ഇതില്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതി ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശി യോഹന്നാന്‍ മറ്റത്തില്‍ (61) കഴിഞ്ഞദിവസം ബംഗളുരുവില്‍ അറസ്റ്റിലായിരുന്നു. നേരത്തെ അറസ്റ്റിലായ സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങളായ സജി എന്ന സെബാസ്റ്റിയന്‍, ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. മുഴുവന്‍ ക്രമക്കേടുകള്‍ക്കും ഉത്തരവാദി മുന്‍ എം.ഡി യോഹന്നാന്‍ മറ്റത്തിലാണെന്ന് സജി പൊലീസില്‍ കീഴടങ്ങുന്നതിന് മുമ്പായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യോഹന്നാന്റെ അറസ്റ്റോടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് വേഗം കൂടുമെന്നാണ് പ്രതീക്ഷ.

ബത്തേരി കോട്ടക്കുന്നിലാണ് ധനകോടി ചിറ്റ്സിന്റെയും ധനകോടി നിധി ലിമിറ്റഡിന്റെയും ഹെഡ് ഓഫീസ്. വയനാടിന് പുറമേ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലടക്കം 22 ബ്രാഞ്ചുകളാണ് സ്ഥാപനത്തിനുള്ളത്. ഒട്ടുമിക്ക ബ്രാഞ്ചുകളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് കേസ് ക്രൈംബ്രാഞ്ചിന് വീടാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിക്ഷേപകരില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിന്റെ ഓഫീസുകളെല്ലാം ഏപ്രില്‍ അവസാനത്തോടെ പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോകുകയായിരുന്നു. ശമ്പളവും ആുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാര്‍ സമരം നടത്തുകയും ചെയ്തിരുന്നു.