അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരാനൊരുങ്ങി കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍; വികസന സെമിനാര്‍ സംഘടിപ്പിച്ചു


കായണ്ണബസാര്‍: സ്‌കുളിന്റെ സമഗ്രപുരോഗതി ലക്ഷ്യമാക്കി കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂളിന്റെ സുവര്‍ണജൂബിലി വര്‍ഷമാകുമ്പോഴേക്കും അന്താരാഷ്ട്രനിലവാരത്തിലേക്ക് സ്‌കൂളിനെ എത്തിക്കുന്ന വിധത്തില്‍ അക്കാദമികതലത്തിലും ഭൗതികസൗകര്യങ്ങളിലും സാങ്കേതികസൗകര്യങ്ങളിലും മികവുനേടാനുതകുന്ന തരത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ഷീബ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇ.കെ. ഷാമിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. രജിത, ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. ബിന്‍ഷ, വാര്‍ഡംഗങ്ങളായ പി.കെ. ഷിജു, എ.സി. ശരണ്‍, പി.ടി.എ. പ്രസിഡന്റ് ഇ.സി. സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജോഷി കുന്നുമ്മല്‍, സിസ്റ്റര്‍ വിനീത എന്നിവര്‍ സംസാരിച്ചു.

എ. സത്യന്‍, എ.എം. രാമചന്ദ്രന്‍, അസ്ഹര്‍ സി.കെ., നിര്‍മല ജോസഫ്, സിബി അലക്‌സ്, ജയേഷ് ജോയ്, മോഹനന്‍, കെ.വി. സജിത, ബിനില, ബൈലിമ ഒ.സി. എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.