വേങ്ങോളിപ്പാലം-എടച്ചേരി ടൗൺ റോഡ് വികസനം; സ്ഥലമേറ്റടുപ്പിനുള്ള അളവെടുക്കൽ നടപടികൾ ആരംഭിച്ചു


എടച്ചേരി : വേങ്ങോളിപ്പാലം-എടച്ചേരി ടൗൺ റോഡ് സ്ഥലമേറ്റടുപ്പിനുള്ള അളവെടുക്കൽ നടപടികൾ തുടങ്ങി. ഫെബ്രുവരി 20-ന് ഉദ്ഘാടനംകഴിഞ്ഞ വേങ്ങോളിപ്പാലത്തിന്റെ അപ്രോച്ച് റോഡുമുതൽ പുതിയങ്ങാടി ടൗൺ വരെയുള്ള രണ്ടുകിലോമീറ്റർ ദൈർഘ്യംവരുന്ന റോഡാണ് വീതികൂട്ടി വികസിപ്പിക്കുന്നത്. നിലവിലുള്ള നാലുമീറ്ററിൽനിന്നും എട്ടുമീറ്ററായാണ് റോഡ് വികസിപ്പിക്കുന്നത്. വളവുകളുള്ള സ്ഥലത്ത് പത്തുമീറ്ററായും വികസിപ്പിക്കാനാണ് തീരുമാനം.

11.5 മീറ്റർ വീതിയിലും 37 മീറ്റർ നീളത്തിലുമുള്ള പാലം വന്നതോടെ വില്യാപ്പള്ളിയിൽനിന്ന് എടച്ചേരിയിലും അതുവഴി തൊട്ടിൽപ്പാലം, കണ്ണൂർ ഭാഗത്തേക്കും പോകാനുള്ള എളുപ്പവഴി തുറക്കുകയായിരുന്നു. പക്ഷേ, പുതിയ പാലംമുതൽ എടച്ചേരി ടൗൺവരെയുള്ള ഇടുങ്ങിയ റോഡ് ​ഗതാ​ഗതകുരുക്കിന് ഇടയാക്കി. ഇതേ തുടർന്നാണ് റോഡ് വീതികൂട്ടാൻ തീരുമാനമായത്.

സ്കൂൾ മതിൽ ഉൾപ്പെടെ ധാരാളം വീട്ടുമതിലുകൾ പൊളിച്ചുമാറ്റുകയും സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുകയും ചെയ്യേണ്ടതിനാൽ വീതി കൂട്ടൽ നീണ്ടുപോവുകയായിരുന്നു. നാദാപുരം എം.എൽ.എ. ഇ.കെ. വിജയൻ എടച്ചേരി പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മിനി എന്നിവരുടെ നേതൃത്വത്തിൽനടന്ന ചർച്ചയുടെ ഫലമായി നാട്ടുകാർ സ്ഥലം വിട്ടുനൽകാൻ തയ്യാറാവുകയായിരുന്നു.