ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാം; ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ


ന്യൂഡൽഹി: നിലവിലെ ചട്ടങ്ങൾ പാലിച്ചു ദേവസ്വങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാമെന്ന് സുപ്രീംകോടതി. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ർക്കാരിനും ആന ഉടമകളുടെ സംഘടനകൾക്കും കോടതി നോട്ടിസ് അയച്ചു.

എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ 3 മീറ്റർ ദൂരപരിധി പാലിക്കണം, തീവെട്ടികളിൽനിന്ന് 5 മീറ്റർ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ 8 മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പെടെ ഹൈക്കോടതി ഒട്ടേറെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്നു തോന്നുന്നില്ലെന്നു സുപ്രീംകോടതി ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണു വിധിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു.

എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾക്കു വിരുദ്ധമാണു ഹൈക്കോടതി നിർദേശം. വർഷങ്ങളായി എഴുന്നള്ളിപ്പ് നടക്കുന്നുണ്ട്. എഴുന്നള്ളിപ്പിന്റെ ഉത്തരവാദിത്തം ദേവസ്വങ്ങൾക്കായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളായി നടക്കുന്ന ആചാരമാണെന്നും ചട്ടങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തുന്നതെന്നും ദേവസ്വം അഭിഭാഷകർ ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ സംഘടനകളും ആന എഴുന്നള്ളിപ്പിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അവരുടെ വാദങ്ങൾ കോടതി തള്ളി.