‘സങ്കടത്തോടെയാണ് ടോംപ് സിംഗര്‍ പരിപാടിക്ക് ശേഷം ഞങ്ങള്‍ പിരിഞ്ഞത്, കരിയറിലെ മികച്ച വേദിയാണ് ഫ്‌ളവേഴ്‌സ് സമ്മാനിച്ചത്’ നൈറ്റിഗേല്‍ ഓഫ് ടോപ് സിംഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പന്തിരിക്കര സ്വദേശിനി ദേവനശ്രിയ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


”ആദ്യമായിട്ടാണ് അത്രയും വലിയ സ്റ്റേജ് കാണുന്നത്. ഇത്രയും വലിയ സ്റ്റേജില്‍ പ്രഗത്ഭരായ ജഡ്ജസിന്റെ മുമ്പില്‍ പാടാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്” – നൈറ്റിഗേല്‍ ഓഫ് ടോപ് സിംഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പന്തിരിക്കര സ്വദേശിനി ദേവനശ്രിയ ടോംപ് സിംഗറിലെ അനുഭവങ്ങള്‍ പേരാമ്പ്ര ന്യൂസുമായി പങ്കുവെക്കുകയാണ്.

പരസ്യം കണ്ടാണ് ടോപ് സിംഗറില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കുന്നത്. മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു. ഫ്‌ലവേഴ്‌സ് ടി.വിയില്‍ നിന്ന് വിളിച്ചപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നുവെന്നും ദേവനശ്രിയ പറയുന്നു.

2020 ല്‍ ആറ് ഘട്ടങ്ങളായുള്ള ഓഡിഷനിലൂടെയാണ് ദേവനശ്രീയ ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ വേദിയിലെത്തുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട പരിപാടിയില്‍ വിവിധങ്ങളായ നൂറോളം പാട്ടുകള്‍ മനോഹരമായി പാടാന്‍ ദേവനശ്രിയയ്ക്ക് സാധിച്ചു. മത്സരത്തിന്റെ സെക്കന്റ് സ്റ്റേജില്‍ ‘ശശി കല ചാര്‍ത്തിയ ദീപവലയം’ എന്ന ഗാനാലാപനത്തിന് ആദ്യമായി ഗോള്‍ഡന്‍ ക്രൗണിന് അര്‍ഹയായി. രണ്ടു വര്‍ഷത്തോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ സീസണ്‍ 2 -വിന്റെ ഫൈനലിലേക്ക് യോഗ്യത നേടി.
മെഗാ മാരത്തണ്‍ ഗ്രാന്‍ഡ് ഫൈനലിലെ മികച്ച പ്രകടനമാണ് നൈറ്റിഗേല്‍ ഓഫ് ടോപ് സിഗര്‍ അവാര്‍ഡിന് ദേവനശ്രീയയെ അര്‍ഹയാക്കിയത്.

സെമി ഫൈനല്‍ അവസാന റൗണ്ട് വരെ അതി മനോഹരമായി പാട്ടുപാടിയ ദേവനശ്രീയ അവസാന 17 പേരില്‍ നിന്നാണ് നൈറ്റിഗേല്‍ ഓഫ് ടോപ് സിഗര്‍ കരസ്ഥമാക്കിയത്.

‘ആദ്യം പാട്ടുകളുടെ ലിറിക്‌സ് നോട്ട്ബുക്കില്‍ എഴുതി വച്ച് പാടുമ്പോള്‍ ഓരോ വരികളുടെയും സംഗതികള്‍ അടിവരയിട്ടു വയ്ക്കുമായിരുന്നു. പതിയെ പതിയെ പാട്ടുകള്‍ കേട്ടു പഠിക്കാന്‍ തുടങ്ങി. അമ്മയും ഗ്രൂമേഴ്‌സും ഒരുപാട് ഹെല്‍പ്പ് ചെയ്തിരുന്നു. അങ്ങനെയാണ് പാട്ട് പഠിക്കുന്നത് – ദേവനശ്രിയ പറഞ്ഞു.

ടോപ് സിംഗറിലൂടെ ഒരു പാട് സുഹൃത്തുക്കളെ കിട്ടി. മത്സരത്തോടൊപ്പം അവരുമായി കളിച്ചും ചിരിച്ചും നടന്നതിനാല്‍ രണ്ട് വര്‍ഷം പോയതറിഞ്ഞില്ല. പരിപാടിക്ക് ശേഷം സങ്കടത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. തന്റെ കരിയറിലെ മികച്ച വേദിയാണ് ഫ്‌ലവേഴ്‌സ് സമ്മാനിച്ചത്. നിലവില്‍ ബാംഗ്ലൂര്‍, ഹൈദ്രബാദ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പാട്ടു പാടാനുള്ള അവസരവുമായി ഫോണ്‍ കോള്‍ വരുന്നുണ്ടെന്നും ദേവനശ്രിയ കൂട്ടിച്ചേര്‍ത്തു.

ടോപ് സിംഗറിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിരവധി ക്ലാസുകള്‍ നഷ്ടമായിരുന്നു. വടക്കുമ്പാട് സ്‌കൂളിലെ അധ്യാപകരുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നതാല്‍ പഠനം എളുപ്പമായെന്നും ദേവനശ്രിയ പറയുന്നു.

കൊറോണയ്ക്ക് മുന്നേ കുറച്ചു കാലം നീമ ടീച്ചറുടെ അരികില്‍ പാട്ടു പഠിക്കാനായി പോയതൊഴിച്ചാല്‍ മറ്റാരുടെയും സഹായമില്ലാതെയാണ് മകള്‍ പാട്ടിലേക്ക് ചുവടു വെച്ചതെന്ന് സുരേഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുഞ്ഞനാള്‍ മുതല്‍ മകള്‍ പാടുമായിരുന്നു. ഇത്തരത്തില്‍ പാടിയ ചില പാട്ടുകള്‍ക്ക് നല്ല സ്വീകാര്യതയും ലഭിച്ചിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്ര പന്തിരിക്കരയ്ക്ക് സമീപം കൂമുള്ളില്‍ സുരേഷിന്റേയും ശരത്ശ്രീയുടേയും മകളാണ് ദേവനശ്രിയ.