കുതിപ്പിനിടയിൽ താഴേക്കിറങ്ങി; സ്വർണ വിലയിൽ ഇന്ന് കുറവ്


ർവകാല റെക്കോഡിൽ നിന്ന് സ്വർണ വില താഴേക്ക്. സ്വർണം പവന് ഇന്ന് 160 രൂപ കുറഞ്ഞ് 56,800 രൂപയിലെത്തി. ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 7100 രൂപയിലാണ് ഇന്നത്തെ വില. കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56,960 രൂപയിൽ നിന്നാണ് സ്വർണവില കുറഞ്ഞത്. അമേരിക്കയിൽ നവംബറിൽ നടക്കാനിരിക്കുന്ന ഫെഡ് യോ​ഗത്തിൽ വലിയ അളവിൽ പലിശ നിരക്ക് കുറയില്ലെന്ന വിലയിരുത്തലിന് പിന്നാലെ രാജ്യാന്തര സ്വർണ വില ഇടിഞ്ഞു. ഇതാണ് കേരളത്തിലും സ്വർണ വിലയെ സ്വാധീനിച്ചത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന അമേരിക്കയിലെ തൊഴില്‍ ഡാറ്റ മികച്ച നമ്പര്‍ രേഖപ്പെടുത്തിയതാണ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായത്. യുഎസ് സമ്പദ്‍വ്യവസ്ഥ മികച്ച നിലയിലായതിനാല്‍ നവംബർ യോ​ഗത്തിൽ ഫെഡ് വലിയ അളവിലുള്ള പലിശ കുറയ്ക്കലിലേക്ക് പോകില്ലെന്ന വിലയിരുത്തലുണ്ടായത്. ഇതോടെ ഡോളർ ശക്തമാവുകയും സ്വർണ വില ഇടിയുകയുമായിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ വില ഡോളറിലാണ് എന്നതിനാൽ ഡോളർ ശക്തമാകുന്നത് സ്വർണത്തിന് തിരിച്ചടിയാണ്.

സെപ്റ്റംബറിൽ 2685 ഡോളറിലെത്തിയിരുന്ന സ്വർണ വില നിലവിൽ 2,646.61 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. 100 രൂപാ നിരക്കിലാണ് വ്യാപാരം.