വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വായനാസദസ്സ്; പേരാമ്പ്രയില്‍ തുടക്കം


പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പേരാമ്പ്രയില്‍ വായനാസദസ്സ് സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം വിദ്യാരംഗം കലാസാഹിത്യ വേദിയും, ബി.ആര്‍.സിയും ചേര്‍ന്നാണ് വായന സദസ്സ് സംഘടിപ്പിച്ചത്.

ജൂലായ് 18നു മുമ്പായി സ്‌കൂള്‍തലത്തിലും പഞ്ചായത്ത് തലത്തിലും വായനാ സദസ്സ് പൂര്‍ത്തീകരിക്കും. വായനമാസാചരണം പരിപാടിയുടെ ഭാഗമായി സ്റ്റാഫ് ലൈബ്രറി, ക്ലാസ് ലൈബ്രറി, അക്ഷര യാത്രകള്‍ സാഹിത്യാനുഭവം തുടങ്ങിയ പരിപാടികളും നടപ്പിലാക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കോഴിക്കോട് നടപ്പിലാക്കിയ വായനാ വിസ്മയം പരിപാടിയില്‍ പഞ്ചായത്ത് തലത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ എന്‍ ബിനോയ് കുമാര്‍ സമ്മാനം നല്‍കി.

കഴിഞ്ഞ അധ്യയന വര്‍ഷം തനത് പ്രവര്‍ത്തനത്തിലൂടെ മികവ് പുലര്‍ത്തിയ വിദ്യാലയങ്ങള്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി. ബിആര്‍സി തലത്തില്‍ നൂതനാശയം നടപ്പിലാക്കിയ സെന്റ് ജോര്‍ജ് എച്ച്എസ്എസ് കുളത്ത് വയല്‍, എല്‍ പി വിഭാഗത്തില്‍ ആവള എ എം എല്‍ പി എന്നീ സ്‌കൂളുകളെ ചടങ്ങില്‍ അനുമോദിച്ചു.

ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ നിത വി പി അധ്യക്ഷത വഹിച്ചു.
സാഹിത്യ സിനിമ നിരൂപകനും എഴുത്തുകാരനുമായ കെ പ്രേമന്‍ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം ഫോറം കണ്‍വീനര്‍ പി രാമചന്ദ്രന്‍, ബി ബി ബിനീഷ്, കെ അരുണ്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

വിദ്യാരംഗം കോഡിനേറ്റര്‍ വി എം അഷറഫ് സ്വാഗതവും ബി ആര്‍ സി ട്രെയിനര്‍ കെ ഷാജിമ നന്ദിയും പറഞ്ഞു. വായന അന്നും ഇന്നും എന്ന വിഷയത്തില്‍ ഭാഷാ മമ്മു, ജിജോയ് ടി കെ, ധന്യ ടി പി, നയന വി എസ്, ബാബു വി എം, അന്‍സില സി, മുനീര്‍ എം വി, രമ്യ മനില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.