വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകര്‍ന്ന് ആയുർവേദ വകുപ്പ്; ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി
വിലങ്ങാട്: ഉരുള്‍പൊട്ടിയ വിലങ്ങാട് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയുർവേദ വകുപ്പ് (ഭാരതീയ ചികിത്സ വകുപ്പ്) മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. ക്യാമ്പിലുള്ളവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികാരോഗ്യ സംരക്ഷണത്തിനും വകുപ്പ് പ്രാധാന്യം നൽകുന്നതായി ഡി എം ഒ (ആയുർവേദം) ഡോ. ശ്രീലത എസ് പറഞ്ഞു.
ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയുടെ വിവിധ ദുരിതബാധിത പ്രദേശങ്ങളിലും ആയുർവേദ ക്യാമ്പുകൾ നടന്നുവരുന്നുണ്ട്. വിവിധ ഗ്രാമപഞ്ചായത്തുകളിൽ ആരംഭിച്ച താൽകാലിക ക്യാമ്പുകളിൽ അതാത് പ്രദേശത്തെ മെഡിക്കൽ ഓഫീസർമാർ പഞ്ചായത്തുകളുടെ സഹകരണത്തോടെ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്.
ചെറുവണ്ണൂർ, മാവൂർ, വടകര, അഴിയൂർ, വിലങ്ങാട്, കുന്നമംഗലം, കൂരാച്ചുണ്ട്, നന്മണ്ട, തിക്കോടി, കട്ടിപ്പാറ, ബാലുശ്ശേരി, രാമനാട്ടുകര, ഉണ്ണികുളം, കൊടുവള്ളി, കോട്ടൂർ, കക്കോടി, പുതുപ്പാടി, നല്ലളം, കടിയങ്ങാട്, കുണ്ടുപറമ്പ്, ചെക്യാട്, വളയം, വേളം, കൊയിലാണ്ടി, ഏറാമല എന്നീ പ്രദേശങ്ങളിൽ ഇതിനോടകം ക്യാമ്പുകൾ നടന്നു കഴിഞ്ഞു. ക്യാമ്പുകളിൽ പനി, ചുമ, ജലദോഷം, സന്ധി വേദനകൾ, ഉറക്കക്കുറവ്, ടെൻഷൻ, കാലുകളിലെ വളം കടി മുതലായ പ്രശ്നങ്ങളാണ് കൂടുതലായും ഉള്ളത്. ജില്ലയിൽ നിന്നും മർമ്മ വിദഗ്ദ്ധരായ ഒരു സംഘം ഡോക്ടർമാർ സേവനത്തിനായി വയനാട് ജില്ലയിലേക്ക് പോയിട്ടുണ്ട്.