നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


നാദാപുരം: നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തു. 18-ാം വാര്‍ഡില്‍ വാണിയൂര്‍ റോഡില്‍ കണ്ണോത്ത് താഴെകുനിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ചെടികള്‍ വില്‍ക്കുന്ന ജോലിക്കായാണ് ഇയാള്‍ നാദാപുരത്ത് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെ ഇയാള്‍ നാട്ടിലേക്ക് പോയിരുന്നു. തിരിച്ചു വരുമ്പോള്‍ പനിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥീരികരിച്ചത്.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. പ്രദേശത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.