ബഫര്‍സോണ്‍ വിഷയം; പ്രതിഷേധച്ചൂടില്‍ മലയോരം, കെ-റെയില്‍പോലെ ഇതും പിന്‍വലിപ്പിക്കും -ചെന്നിത്തല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഇരകളുമായി സംവാദവും


കൂരാച്ചുണ്ട്: കെ-റെയില്‍പോലെ ബഫര്‍ സോണും സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഫര്‍സോണ്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഇരകളുമായുള്ള സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിലില്‍ അര ഇഞ്ചുപോലും പിന്നോട്ടുപോകില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ കിലോമീറ്ററുകളോളം പിന്നോട്ടുപോകേണ്ടി വന്നു. അതുപോലെ ബഫര്‍സോണ്‍ വിഷയത്തിലും പിണറായി വിജയന് പിന്നോട്ട് പോകേണ്ടി വരുമെന്നും കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ ഉള്ളിടത്തോളം കാലം ബഫര്‍സോണ്‍ ഈ രീതിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2019 ലെ മന്ത്രിസഭായോഗ തീരുമാനം പിന്‍വലിക്കാതെ സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാണ്. പറയുന്ന വാക്കുകളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബഫര്‍സോണ്‍ സീറോ പോയിന്റില്‍ നിലനിര്‍ത്താനുള്ള തീരുമാനം എടുക്കണം. ഈ മേഖലയിലെ സാധാരണ ജനങ്ങള്‍ക്ക് തങ്ങളുടെ സ്വത്തുക്കള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്.

മാപ്പ് അപൂര്‍ണവും അശാസ്ത്രീയവുമാണ്. സാധാരണക്കാരന് വേഗത്തില്‍ മനസിലാകുന്ന റോഡുകള്‍ അടയാളപ്പെടുത്തിയിട്ടില്ല. കര്‍ഷകരെയും മലയോര നിവാസികളെയും അക്ഷരാര്‍ത്ഥത്തില്‍ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ എബ്രഹാം, അഡ്വ.പി.എം നിയാസ്, മുന്‍ ഭാരവാഹികളായ എന്‍.സുബ്രഹ്മണ്യന്‍, അഡ്വ.ഐ.മൂസ, കെ.ബാലകൃഷ്ണന്‍ കിടാവ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, കെ.രാമചന്ദ്രന്‍, കെ.എം ഉമ്മര്‍, ഹബീബ് തമ്ബി, മുനീര്‍ എരവത്ത്, എ.കെ അബ്ദുള്‍ സമദ്, ടി.ഗണേശ്ബാബു, രാജന്‍ മരുതേരി, മാജൂഷ് മാത്യൂസ്, കെ.ടി ജയിംസ്, അഗസ്റ്റിന്‍ കാരക്കട, പി. വാസു, പോളി കാരക്കട, ജോണ്‍സണ്‍ താന്നിക്കല്‍ എന്നിവര്‍ സംസാരിച്ചു.