ഇനിയും വളര്‍ച്ചയെത്താതെ എണ്‍പതുകളിലെ കളിത്തട്ടകം; മിനിസ്റ്റേഡിയത്തിന്റെ നവീകരണം നീളുന്നു; ആധുനിക സ്റ്റേഡിയവും കാത്ത് കായെണ്ണയിലെ കളിക്കാര്‍


കായണ്ണബസാർ : കായണ്ണ കവലയ്ക്കടുത്തുള്ള ചാലിൽ മുക്കിലെ മിനിസ്റ്റേഡിയം നാട്ടുകാരുടെയും കായിക പ്രേമികളുടെയും സ്വപ്നമാണ്. 1980 കാലഘട്ടത്തില്‍ പരിമിതമായ സൌകര്യങ്ങളില്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ പല അടിസ്ഥാന സൌകര്യങ്ങളും ഇപ്പോഴുമില്ല. സ്റ്റേഡിയം നവീകരിക്കാന്‍ നിരന്തരം ആവശ്യമുയരുന്നുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമാകുന്നില്ല.

ഒരേക്കറിനടുത്ത് വരുന്ന കുത്തനെയുള്ളപ്രദേശം നിരപ്പാക്കി സ്റ്റേഡിയംനിർമിച്ച സ്റ്റേഡിയം പിന്നീട് നിരവധി ഗ്രാമ, ബ്ലോക്ക് ഫണ്ടുകൾ ചെലവഴിച്ചാണ് ഇന്നു കാണുന്നരീതിയിലേക്ക് മാറ്റിയത്. കരിങ്കൽകൊണ്ട് കെട്ടിയുയർത്തുകയും മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് മണ്ണിട്ട് നികത്തിയുമാണ് സ്റ്റേഡിയം ഒരുക്കിയത്. ചെറിയതോതിലുള്ള നവീകരപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇത് വരെ ഇവിടെ നടന്നിട്ടുള്ളത്.

കായണ്ണ കവലയിൽനിന്ന്‌ ഒരുകിലോമീറ്റർ മാത്രം ദൂരത്തിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ആയിട്ടില്ല. വൈദ്യുതി സംവിധാനം, ഗാലറി നിർമാണം, ചുറ്റുമതിൽ നിർമാണം, കൈവരി നിർമാണം, കുടിവെള്ള സൗകര്യം, ഡ്രസ്സിങ്‌ റൂം, ശൗചാലയസംവിധാനം തുടങ്ങി നിരവധിനവീകരണപ്രവൃത്തികൾ ഒക്കെ ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. മൈതാനത്തിന്റെ മുകൾഭാഗത്ത് കുത്തനെയുള്ള ഭാഗത്ത് അടിയന്തരമായി കൈവരി നിർമിക്കണമെന്നതാണ് പ്രധാനാവശ്യം. വഴിയാത്രക്കാർ കാൽ തെറ്റിവീണാൽ വലിയ അപകടം സംഭവിക്കാൻ വലിയ സാധ്യതയുണ്ട്. വെളിച്ചത്തിന് സംവിധാനമില്ലാത്തതിനാൽ രാത്രി കാലങ്ങളിൽ ഇവിടെ തെരുവുപട്ടികൾ താവളമാക്കുന്നത് പരിസരവാസികളെ ബുദ്ധിമുട്ടിലാക്കുന്നു.

മിനിസ്റ്റേഡിയം ആധുനിക രീതിയിൽ പൂർത്തീകരിക്കാനായാല്‍ അത് വളര്‍ന്നുവരുന്ന കായെണ്ണയിലെ കായിക താരങ്ങള്‍ക്ക് ഏറെഗുണകരമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. ഒരുകാലത്ത് വോളിബോൾ കളി തകൃതിയായി നടന്നിരുന്ന ഒരു ദേശത്ത് വളർന്നുവരുന്ന താരങ്ങൾക്ക് നല്ലൊരു വോളി കളിസ്ഥലമില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നതായി കായിക പ്രേമികൾ പറയുന്നു. കായണ്ണ മിനിസ്റ്റേഡിയം എത്രയുംവേഗം നവീകരിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം