കുറ്റ്യാടി ജലസേചനകനാലില്‍ വെള്ളമെത്തുന്നത് വൈകുന്നു; ഒഴുക്കിന് വേഗമില്ല, കര്‍ഷകര്‍ ആശങ്കയില്‍


വടകര: ജലസേചനം, കുടിവെള്ളം എന്നിവയ്ക്കായി കനാല്‍വെള്ളം പലപ്രദേശങ്ങളിലും അത്യാവശ്യമായിക്കൊണ്ടിരിക്കെ കുറ്റ്യാടി ജലസേചനകനാലില്‍ പ്രതീക്ഷിച്ചരീതിയില്‍ ഒഴുക്കില്ലാത്തത് തിരിച്ചടിയാകുന്നു. അഞ്ചുമുതല്‍ 11 വരെ മണിയൂര്‍ ബ്രാഞ്ച് കനാലില്‍ വെള്ളംകൊടുക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോഴും മണിയൂര്‍ ബ്രാഞ്ച് കനാലിന്റെ എല്ലാഭാഗത്തും വെള്ളമെത്തിയിട്ടില്ല.

ബുധനാഴ്ച ആറാം കിലോമീറ്റര്‍വരെ വെള്ളമെത്തിയെങ്കിലും തിരുവള്ളൂര്‍ ഭാഗത്തെ പാടശേഖരങ്ങളിലേക്ക് വെള്ളം അത്യാവശ്യമായി വന്നതിനാല്‍ ജലവിതരണം അങ്ങോട്ടേക്കുമാറ്റി. ഇതോടെ മണിയൂര്‍ ബ്രാഞ്ചിന്റെ അറ്റത്ത് വെള്ളമെത്താന്‍ ഇനിയും സമയമെടുക്കുമെന്നുറപ്പായി. മുന്‍വര്‍ഷങ്ങളിലേതുപോലെ ശക്തികൂട്ടി വെള്ളം ഒഴുക്കിവിടാന്‍ കഴിയാത്ത പ്രശ്‌നവും ഇത്തവണയുണ്ട്. മുണ്ടക്കുറ്റിയില്‍ മുമ്പ് കനാല്‍ തകര്‍ന്നതിന് സമീപംതന്നെ ചോര്‍ച്ചയുണ്ട്.

ശക്തികൂട്ടിയാല്‍ ചോര്‍ച്ച ശക്തമായി കനാല്‍ പൊട്ടാനുള്ള സാധ്യതയുള്ളതിനാല്‍ ശക്തികുറച്ചുമാത്രമേ വെള്ളമൊഴുക്കുന്നുള്ളൂ. ഇതും മെല്ലപ്പോക്കിന് കാരണമാണ്. ചൂടുകൂടിയതിനാല്‍ ആദ്യമെത്തുന്ന വെള്ളം മുഴുവന്‍ മണ്ണ് വലിച്ചെടുക്കുന്നുണ്ട്. ഇതും ജലനഷ്ടത്തിന് കാരണമാണ്. ഒഴുക്കിലെ തടസ്സങ്ങളാണ് മറ്റൊരുപ്രശ്‌നം. ചെരണ്ടത്തൂര്‍ ചിറയില്‍ ഉള്‍പ്പെടെ നെല്‍ക്കൃഷിക്ക് വെള്ളം അത്യാവശ്യമായിവരുന്ന സമയമാണിത്.

എളമ്പിലാട് ഭാഗത്ത് കഴിഞ്ഞയാഴ്ചതന്നെ പാടം വറ്റിവരണ്ടിരുന്നു. വേങ്ങാടിക്കല്‍ തോടില്‍നിന്നും മോട്ടോറുപയോഗിച്ച് വെള്ളമടിച്ചാണ് കര്‍ഷകര്‍ പ്രതിസന്ധിയെ നേരിട്ടത്.

കനാല്‍വെള്ളമെത്തിയാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്വാസമാകും. ചെരണ്ടത്തൂരില്‍ ജലനിധിപദ്ധതിയുടെ ജലസ്രോതസ്സിലും വെള്ളം തീരെക്കുറവാണ്. ഇതും നിറയണമെങ്കില്‍ കനാല്‍വെള്ളം വേണം. മണിയൂരിന്റെ ചിലഭാഗങ്ങളില്‍ ദിവസങ്ങളോളം ജലനിധി കുടിവെള്ളവിതരണം മുടങ്ങുകയുംചെയ്തു. കഴിഞ്ഞദിവസം ജലവിതരണം പുനരാരംഭിച്ചെങ്കിലും കനാല്‍വെള്ളമെത്തിയാല്‍മാത്രമേ ശാശ്വതപരിഹാരമാകൂ. നേരത്തേ തയ്യാറാക്കിയ ചാര്‍ട്ട് പ്രകാരം തന്നെ ജലവിതരണം പൂര്‍ത്തിയാക്കാന്‍ ജലസേചനവകുപ്പ് കിണഞ്ഞുശ്രമിക്കുന്നുണ്ട്.