‘സർക്കാർ ചെലവിൽ വടകരയിലെത്തി ജാമ്യം നേടി വീട്ടിൽ പോയി, നിയമത്തിൽ മാറ്റം വരണം’; ചോറോട് വാഹനാപകടക്കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതികരിച്ച് ദൃഷാനയുടെ കുടുംബം


വടകര: ചോറോട്‌ ഒൻപതു വയസുകാരിയെ വാഹനം ഇടിപ്പിച്ച് കോമയിലാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തിൽ പ്രതികരിച്ച് ദൃഷാനയുടെ കുടുംബം. ”പ്രതി റിമാൻഡിലാകുമെന്ന് പ്രതീക്ഷിച്ചു, എന്നാൽ ജാമ്യം ലഭിച്ചു. സർക്കാർ ചെലവിൽ കോയമ്പത്തൂരിൽ നിന്ന് വടകരയിലെത്തി ജാമ്യം നേടി പ്രതി വീട്ടിൽ പോയി. ഇത്തരം കാര്യങ്ങൾ നിസാര കേസായി കാണരുതെന്നും ദൃഷാനയുടെ കുടുംബം പ്രതികരിച്ചു.

”സാമ്പത്തിക നില അങ്ങേയറ്റം പ്രതിസന്ധിയിലാണ്. കുട്ടിയുടെ ചികിത്സയ്ക്കും മറ്റുമായി വൻ ചെലവുണ്ടായി. കണ്ണൂരിൽ വീടുണ്ടെങ്കിലും വാടകയ്ക്ക് കോഴിക്കോട്ട് തങ്ങുകയാണ്. വെല്ലൂരിൽ ഒരു മാസത്തിൽ അഞ്ചുലക്ഷത്തിന് മുകളിലാണ് ചെലവ്. മറ്റ് സ്വകാര്യ ആശുപത്രികളിലും വൻ ചെലവുണ്ടാവും. സർക്കാരിൽ നിന്നും ചികിത്സാ സഹായം ലഭിച്ചിട്ടില്ലെന്നും” കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

നിയമത്തിൽ മാറ്റം വരണമെന്നും ഗൾഫിലുള്ളതു പോലത്തെ നിയമം വരണമെന്നും ദൃഷാനയുടെ അമ്മ സ്മിത പറ‍ഞ്ഞു. പുഷ്പം പോലെ പ്രതി ഇറങ്ങി പോയി. ജീവന് വിലയില്ലെയെന്നും സ്മിത ചോദിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 17 നാണ് ചോറോട്‌ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ദൃഷാനയേയും മുത്തശ്ശിയേയും ഇടിച്ചുതെറിപ്പിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മുത്തശ്ശി ബേബി മരിച്ചു. ദൃഷാന ഇപ്പോഴും കോമയിൽ തുടരുകയാണ്.

അപകടം നടന്ന് ഒരുവർഷം തികയാൻ ഒരാഴ്‌ച ശേഷിക്കേവെ കഴിഞ്ഞ ദിവസമാണ്‌ പ്രതി ഷെജിലിനെ വടകര പൊലീസ് അറസ്റ്റ് ചെയ്ത‌ത്. സംഭവശേഷം വിദേശത്തേക്ക് പോയ ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ അധികൃതർ ഇയാളെ തടഞ്ഞുവച്ച് വടകര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തിങ്കൾ പുലർച്ചെയാണ് പ്രതി നാട്ടിലേക്ക് വരാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്. എഎസ്ഐ ഗണേശൻ, സിവിൽ പൊലീസ് ഓഫീസർമാരായ ലിനു, ശരത്ത് എന്നിവർ കോയമ്പത്തൂരിലെത്തി പ്രതിയെ തിങ്കളാഴ്ച‌ രാത്രി എട്ടോടെ വടകര പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇന്നലെ പ്രതിക്ക് ജാമ്യം ലഭിച്ചു. അശ്രദ്ധ മൂലമുണ്ടായ മരണത്തിന് എടുത്ത കേസിൽ വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Description: “Defendant Gets Quick Bail, Needs Change in State’s Auto Accident Laws”; Drishna’s family