നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് വില്‍പ്പന നടത്താനായി സഞ്ചിയിലാക്കി; യുവാവ് വനപാലകരുടെ പിടിയില്‍


മലപ്പുറം: നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് സഞ്ചിയിലാക്കി വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് വനപാലകരുടെ പിടിയില്‍. എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം കൂടെയുണ്ടായിരുന്ന മുജീബ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു.

കാഞ്ഞിരപുഴ ഡിവിഷനില്‍പ്പെടുന്ന വൈലാശ്ശേരി കാനക്കുത്ത് റിസര്‍വ് വനത്തില്‍ വെച്ചാണ് പുള്ളിമാനെ വെടിവെച്ച് കൊന്നത്. ശേഷം ആന്തരികാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വില്‍പനയ്ക്കായ് സഞ്ചിയിലാക്കി വനമേഖലയില്‍ നിന്നും പുറത്ത് കിടക്കാന്‍ ശ്രമിക്കന്നതിനിടെയാണ് പ്രതി പിടിയിലായത്. വനപാലകരെക്കണ്ട് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞ് അയൂബിന്റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്.

വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന നാടന്‍ തോക്കും, കത്തിയും ഹെഡ് ലൈറ്റും, പ്രതികള്‍ സഞ്ചരിച്ച ബൈക്കും വനപാലകര്‍ പിടിച്ചെടുത്തു. കുറേക്കാലമായി ഇവര്‍ വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഇന്നെലെ രാത്രി ഒന്നരയ്ക്കായിരുന്നു സംഭവം. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് എന്നറിയാന്‍ അന്വേഷണമാരംഭിച്ചു.