മേപ്പയൂരില്‍ നിന്ന് കാണാതായായ ദീപക് ഗോവയിലെത്തിയത് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം; യുവാവുമായി അന്വേഷണസംഘം നാട്ടിലേക്ക്
കൊയിലാണ്ടി: മേപ്പയൂരിലെ ദീപകിനായി കേരളത്തില്‍ നിന്നു ഗോവയിലേക്ക് പോയ അന്വേഷണസംഘം ഇന്ന് ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോവ പേലീസ് അന്വേഷണസംഘത്തിന് ദീപകിനെ വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുമെന്നാണ് വിവരം.
ആറു മാസം മുമ്പാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണ്മാനില്ലെന്ന അമ്മയുടെ പരാതില്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നാട്ടിലെത്തി കോടതിയില്‍ ഹാജരാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ദീപക്കിനെ ബന്ധുക്കള്‍ക്കു കൈമാറും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷമാണ് ദീപക് ഗോവയിലെത്തിയത്. നാട് വിട്ട് പോകാനുണ്ടായ കാരണമായി തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ താന്‍ പോയി എന്നാണ് അന്വേഷണ സംഘത്തോട് ദീപക് പറഞ്ഞത്. മനോവിഷമം മൂലമാകാം ഇയാള്‍ നാട് വിട്ടതെന്നാണ് സൂചന. ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏറ്റവുമൊടുവിലായാണ് ഇയാള്‍ ഗോവയിലെത്തിയത്.
കോഴിക്കോട് മാവൂര്‍ റോഡ് പരിധിയില്‍ നിന്നാണ് ദീപക്കിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണ സംഘം ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ദീപക്കുമായി അടുത്ത ബന്ധമുള്ള ചിലരുടെ ഫോണ്‍ നിരീക്ഷിച്ചിരുന്നു. ഈ ഫോണുകളില്‍ ഒന്നില്‍ ഗോവയില്‍ നിന്നും ഒരു കോള്‍ വന്നതായി കണ്ടെത്തി.
ഈ കോളിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗോവയിലെ ഒരു ഓട്ടോ ഡ്രൈവറുടെ നമ്പറാണെന്ന് കണ്ടെത്തി. അവരോട് വിവരം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞത് ‘പനാജിയില്‍ ഒരാള്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു, അയാളോട് വിവരം തിരക്കിയപ്പോള്‍ നാട്ടിലേക്ക് വിളിക്കണം, ഒന്ന് ഫോണ്‍ തരുമോയെന്ന് ചോദിച്ചു. അങ്ങനെയാണ് ഫോണ്‍ കൊടുക്കുന്നത്.’ ഇയാളെക്കുറിച്ചുള്ള അറിയാവുന്ന വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍ അന്വേഷണ സംഘത്തിന് കൈമാറി.
തുടര്‍ന്ന് അന്വേഷണ സംഘം ഗോവന്‍ പൊലീസുമായി ബന്ധപ്പെടുകയും ദീപക്കിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തു. ലുക്ക് നോട്ടീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറി. ഈ വിവരങ്ങള്‍ ഗോവന്‍ പൊലീസ് വെരിഫൈ ചെയ്തു. അതിന്റെ ഭാഗമായി ദീപക്കിനെ കണ്ടെത്തി അദ്ദേഹത്തിന്റെ ഐ.ഡി കാര്‍ഡ് പരിശോധിച്ചു. ആധാര്‍ വിവരങ്ങളിലെ വിലാസം പൊലീസ് നല്‍കിയ വിലാസവുമായി ഒത്തുപോകുന്നതായി കണ്ടെത്തി.