മേപ്പയ്യൂർ സ്വദേശി ദീപക്കിനെ കണ്ടെത്തിയത് ഹോട്ടലിൽ കഴിയവെ; യുവാവിനായി ഗോവയിലേക്ക് പോയത് എസ്.ഐ ഉൾപ്പെട്ട അഞ്ചംഗം സംഘം, നാളെ നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്
മേപ്പയ്യൂർ: ഗോവയിലെ പനാജിയിൽ നിന്നാണ് ദീപകിനെ ഗോവ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്.
ഏറെ ദുരൂഹത ഉയർത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയ്യൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. മിസ്സിംഗ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് ജീര്‍ണ്ണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദീപകിന്‍റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാൽ ബന്ധുക്കള്‍ വീട്ടുവളപ്പിൽ സംസ്കരിച്ചു. എന്നാൽ ഡിഎന്‍എ പരിശോധനയിൽ മരിച്ചത് ദീപക്കല്ലെന്ന് കണ്ടെത്തി. ഇതാണ് പന്തിരിക്കരയിൽ നിന്നും കാണാതായ ഇർഷാദിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പരിശോധനയിൽ മരിച്ചത് ഇർഷാദാണെന്ന് വ്യക്തമായി. ഇതോടെ ദീപക് എവിടെയെന്ന ചോദ്യവും ഉയർന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇതിനിടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ആര്‍ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നിലവിൽ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക്. യുവാവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കേരളത്തിൽ നിന്ന് എസ്.ഐ ഉൾപ്പെടുന്ന അഞ്ച് അംഗ സംഘം ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. നാളെ ദീപക്കിനെ കേരളത്തിൽ എത്തിക്കും.
Summary: Deepak, a native of Mepayyur, was found while staying at the hotel; A five-member team including SI went to Goa for the young man